കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി പലരില്‍ നിന്നായി പണം വായ്പ വാങ്ങാന്ശ്രമിച്ചിരുന്നതായി മൊഴി. പല കാരണങ്ങള്‍ പറഞ്ഞാണ് പണം സ്വരൂപിക്കാന്‍ ശ്രമിച്ചതെന്നാണ് ചില ബന്ധുക്കൾ അന്വേഷണസംഘത്തിനെ അറിയിച്ചത്.
എന്നാല്‍ ഇത്തരത്തില്‍ സ്വരൂപിക്കുന്ന പണം എന്തുചെയ്തുവെന്നത് വ്യക്തമല്ല. കൊലപാതകത്തിന് മറ്റാരുടേയെങ്കിലും സഹായം ജോളി തേടിയിരുന്നോയെന്നും അത്തരത്തില്‍ സഹായം ചെയ്തവര്‍ക്ക് പണം നല്‍കിയിരുന്നോയെന്നും അന്വേഷിച്ചുവരികയാണ്. പൊന്നാമറ്റത്ത് ടോം തോമസ്, ബന്ധുക്കള്‍, ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്സണ് എന്നിവരോടെല്ലാം ജോളി പണം ആവശ്യപ്പെട്ടിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കട്ടപ്പനയില്‍ സ്ഥലം വാങ്ങിയിട്ടുണ്ടെന്നും അവിടേയ്ക്കു വഴി വെട്ടുന്നതിനായി ഒരുലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ടും ജോളി ടോം തോമസിന്റെ ബന്ധുക്കളെ ബന്ധപ്പെട്ടു. യൂണിവേഴ്സിറ്റിയില്‍ ജോലിയുള്ള കോഴിക്കോട് നഗരത്തില്‍ താമസിക്കുന്ന ബന്ധുവിനെയാണ് ജോളി ബന്ധപ്പെട്ടിരുന്നത്. എന്നാല്‍ ഇവര്‍ പണം നല്കാന് തയാറായില്ല. ജോളിയുടെ പ്രവൃത്തിയില്‍ ദുരൂഹത തോന്നിയതിനാലാണ് പണം നല്‍കാതിരുന്നത്. അതേസമയം ജോളി കട്ടപ്പനയില്‍ സ്ഥലം വാങ്ങിയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
ഇതിനു പുറമേ പണം ആവശ്യപ്പെട്ട് പൊന്നാമറ്റം സക്കറിയാസിന്റെ ബന്ധുവിനേയും ജോളി സമീപിച്ചിരുന്നു. ആര്ഇസിയ്ക്ക് സമീപം 10 സെന്റ് വാങ്ങിയെന്നും ചില ബന്ധുക്കളോട് പറഞ്ഞു. അവിടെ വീട് വയ്ക്കുന്നതിനായിരുന്നു പണം ആവശ്യപ്പെട്ടത്. കട്ടപ്പനയില്‍ ടെലിഫോണ്‍ എക്സ്ചേഞ്ച് കെട്ടിടം വാടകയ്ക്ക് പ്രവര്‍ത്തിച്ചിരുന്നത് ജോളിയുടെ പിതാവിന്റെ സ്ഥലത്താണെന്നും.
ഈ സ്ഥലം വിറ്റ് ലഭിച്ച അഞ്ച് ലക്ഷം രൂപ പിതാവ് തനിക്ക് നല്‍കിയെന്നും ഈ തുക ഉപയോഗിച്ചാണ് ആര്ഇസിയ്ക്ക് സമീപത്ത് സ്ഥലം വാങ്ങിയതെന്നുമാണ് ജോളി പറഞ്ഞിരുന്നത്. സംശയം തോന്നിയ ബന്ധുക്കള്‍ ഇക്കാര്യം ജോളിയുടെ പിതാവിനോട് അന്വേഷിച്ചെങ്കിലും അങ്ങനെ ഒരു സ്ഥലമില്ലെന്നായിരുന്നു മറുപടി. ഇതോടെ ജോളിയെ കുടുംബത്തിലുള്ളവര്‍ക്ക് വിശ്വാസമില്ലാതായി.