മങ്കൊമ്പ്: കനാലില്‍വീണു മുങ്ങിത്താണ കാറിനുള്ളില്‍നിന്നു യുവാവിന്റെ ജിവന് രക്ഷിക്കാന്‍ സ്വന്തം ജീവന് പോലും മറന്ന മാമ്പുഴക്കരി സ്വദേശി നാട്ടില്‍ താരമാകുന്നു. മാമ്പുഴക്കരിയില്‍ മൊബൈല്‍ റീച്ചാര്‍ജ് കട നടത്തുന്ന കാരേക്കാട്ട് ജോളിയാണ് മിത്രക്കരി സ്വദേശിയായ യുവാവിന്റെ ജീവന് രക്ഷിച്ചത്.
സംഭവം നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ 41 വര്‍ഷം മുന്‍പ് ആറ്റില്‍ മുങ്ങിത്താണ തന്റെ ജീവന് ജോളി രക്ഷിച്ച സംഭവം നവമാധ്യമങ്ങളില്‍ കുറിച്ച് പുതുക്കരി സ്വദേശിയും രംഗത്തുവന്നതോടെയാണ് ജോളിയുടെ രക്ഷാപ്രവര്‍ത്തനങ്ങളെപ്പറ്റി നാട്ടുകാര്‍ കൂടുതലറിയുന്നത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് കനാലില്‍വീണ യുവാവിന്റെ ജീവന് ജോളി രക്ഷിച്ചത്.
മിത്രക്കരി സ്വദേശിയായ യുവാവ് മാമ്പുഴക്കരി കോസ്വേയ്ക്കു സമീപം കാര്‍ തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ടു കനാലിലേക്കു വീണു. കനാലിനു മറുകരെയുണ്ടായിരുന്ന സ്ത്രീകള്‍ ബഹളംവച്ചതിനെത്തുടര്‍ന്ന് ആളുകള്‍ ഓടിക്കൂടി. അപകടവിവരം അറിഞ്ഞ് മകനൊപ്പം സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ ജോളി കണ്ടത് തലകീഴായി മറിഞ്ഞ കാറിന്റെ നാലു ചക്രങ്ങള്‍ മാത്രമായിരുന്നു. തോട്ടില്‍ കാര്‍ ഏതാണ്ട് പൂര്‍ണമായും മുങ്ങിത്താണ അവസ്ഥയിലായിരുന്നു.
സാഹചര്യത്തില്‍ ഒപ്പമുണ്ടായിരുന്ന മകന് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും മറ്റൊന്നുമാലോചിക്കാതെ കനാലിലേക്കു ചാടി. നീന്തിച്ചെന്ന് കാറിന്റെ ഡോറില്‍ ശക്തമായി തട്ടിയതോടെ ഉള്ളിലുള്ളയാളിന്റെ അനക്കമറിഞ്ഞു. ജലപ്പരപ്പിനു മുകളിലെത്തിയ ജോളി അകത്തുള്ളയാളിനു ജീവനുണ്ടെന്നു വിളിച്ചു പറഞ്ഞു.
തോടിനു മറുകരെയുള്ള അനന്തുവെന്ന ചെറുപ്പക്കാരന് കൂടി സഹായത്തിത്തിയതോടെ ഒരുവിധത്തില്‍ കാറിന്റെ ഡോര്‍ തുറന്ന് ആളിനെ പുറത്തെത്തിച്ചു. പുറത്തെത്തിയ യുവാവിനെ നാട്ടുകാര്‍ ഉടനടി ആശുപത്രിയിലെത്തിച്ചു.സംഭവം നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പുതുക്കരി സ്വദേശി 41 വര്‍ഷം മുന്‍പു നടന്ന മറ്റൊരു സംഭവത്തിനു നന്ദിപ്രകടനവുമായി പ്രതികരിച്ചത്.
തനിക്കൊപ്പം പുതുക്കരിയാര് നീന്തിക്കടക്കുന്നതിനിടെ മുങ്ങിത്താണ ഒരു വയസിനിളപ്പമുള്ള ജോസഫ് ജോബിനു പതിനാറുകാരനായ ജോളി അന്നു രക്ഷകനാകുകയായിരുന്നു. ഭാര്യ: ആൻസമ്മ, മക്കൾ: ജോസി (ബിടെക്), ജെറിൻ (എൻജിനിയർ, ബഹ്റൈൻ), ഇളയ മകൻ സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന ജെസ്ലിൻ (ബിഡിഎസ് വിദ്യാർഥി പുഷ്പഗിരി മെഡിക്കൽ കോളജ് തിരുവല്ല).