കൂടത്തായിയിലുമില്ല, ഇടുക്കിയിലുമില്ല! വ്യാജ ഒസ്യത്തിൽ പിടികൊടുക്കാതെ ജോളി; പോലീസിന്റെ സംശയങ്ങള്‍ ഇങ്ങനെയൊക്കെ…

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളി വ്യാജമായുണ്ടാക്കിയ ഒസ്യത്തിന്‍റെ ഒറിജിനൽ കണ്ടെത്താനായില്ല. കൂടത്തായ് കൊലപാതകങ്ങള്‍ അന്വേഷിക്കുന്ന ഓരോ സംഘവും ജോളിയെ ചോദ്യം ചെയ്തപ്പോഴെല്ലാം വ്യാജ ഒസ്യത്തിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ജോളി തയാറായിരുന്നില്ല. അതേസമയം പൊന്നാമറ്റത്ത് റോയ് തോമസ് വധക്കേസ് അന്വേഷിക്കുന്ന സംഘത്തിനോട് വ്യാജ ഒസ്യത്തിന്‍റെ ഒറിജിനല്‍ ഇടുക്കിയിലെ ബന്ധുവിന്‍റെ കൈവശമുണ്ടെന്ന് ജോളി മൊഴിനല്‍കിയിരുന്നു.

ഇതു മാത്രമാണ് ജോളി വെളിപ്പെടുത്തിയത്. എന്നാല്‍ പലതവണ ജോളിയുടെ ബന്ധുക്കളുമായി അന്വേഷണസംഘം ബന്ധപ്പെട്ടെങ്കിലും വ്യാജ ഒസ്യത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം അന്നമ്മ വധക്കേസുമായി ബന്ധപ്പെട്ട് ജോളിയെ ഇടുക്കി കട്ടപ്പനയിലെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തിട്ടും ഒറിജിനൽ കണ്ടെത്താനായില്ല .

വീട്ടിലെത്തിയ ജോളിയെ കണ്ടതോടെ വികാരനിര്‍ഭരമായ രംഗങ്ങളാണുണ്ടായതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. ഹൃദയസംബന്ധമായ അസുഖമുള്ള പിതാവ് ജോസഫ് വീട്ടിലുള്ളതിനാല്‍ ജോളിയുമായുള്ള തെളിവെടുപ്പില്‍ പോലീസ് ജാഗ്രത പാലിച്ചിരുന്നു.

ഇരുവരെയും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് അധികസമയം അനുവദിച്ചില്ല. നാലു മണിക്കൂറോളം ജോളിയെ വീട്ടിനുള്ളില്‍ നിര്‍ത്തി അന്വേഷണസംഘം ചോദ്യം ചെയ്യുകയും വീട് പരിശോധിക്കുകയും ചെയ്‌തെങ്കിലും വ്യാജ ഒസ്യത്ത് കണ്ടെത്താന്‍ സാധിച്ചില്ല. വീട്ടിനുള്ളിലെ സർവ രേഖകളും പോലീസ് വിശദമായി പരിശോധിച്ചു.

വീട്ടുകാര്‍ക്കും ജോളി തയാറാക്കിയ വ്യാജ ഒസ്യത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയില്ലെന്നാണ് പറഞ്ഞത്. അതേസമയം വീട്ടുകാരുടെ ബാങ്ക് അക്കൗണ്ടുകളും മറ്റും പോലീസ് പരിശോധിച്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

വ്യാജ ഒസ്യത്തിന്‍റെ ഫോട്ടോ കോപ്പി മാത്രമെ അന്വേഷണസംഘത്തിന്‍റെ കൈവശമുള്ളൂ. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ്‌തോമസിന്‍റെ സഹോദരിക്കാണ് ഇത് ജോളി നല്‍കിയിരുന്നത്. ഈ ഒസ്യത്ത് കണ്ടതോടെയാണ് ജോളിയെ സംശയിക്കുന്നത്. പിന്നീട് റോയ്‌ തോമസിന്‍റെ സഹോദരന്‍ റോജോ വിദേശത്ത് നിന്നെത്തി വ്യാജ ഒസ്യത്ത് തയാറാക്കിയതുമായി ബന്ധപ്പെട്ട് നിയമനടപടിയിലേക്ക് പോകാനൊരുങ്ങവെ ജോളി സ്ഥലവും മറ്റു സ്വത്തുവകകളും റോജോയുടെയും സഹോദരിയുടേയും പേരിലേക്ക് മാറ്റി എഴുതി നല്‍കിയിരുന്നു.

പൊന്നാമറ്റത്തെ ആദ്യ മരണം അന്നമ്മ തോമസിന്‍റേതായിരുന്നു. പിന്നീട് ഭര്‍ത്താവ് ടോം തോമസും കൊല്ലപ്പെട്ടു. ഈ രണ്ടു കൊലപാതകങ്ങള്‍ക്കു പിന്നിലും സാമ്പത്തിക കാര്യങ്ങളുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. സ്വത്തുക്കള്‍ കൈക്കലാക്കുകയെന്ന ഉദ്യേശത്തോടെയാണ് ജോളി ഇരുവരേയും കൊലപ്പെടുത്തിയത്. ഇതിനുള്ള സുപ്രധാനമായ തെളിവാണ് വ്യാജ ഒസ്യത്ത്.

വ്യാജമായുണ്ടാക്കിയ ഒസ്യത്ത് ലഭിച്ചാല്‍ കോടതിയില്‍ ഇത് നിര്‍ണായകമായ തെളിവാകും. ഈ സാഹചര്യത്തിലാണ് ഒസ്യത്തിന്‍റെ ഒറിജനല്‍ ലഭിക്കാനായി ജോളിയുമായി കട്ടപ്പനയില്‍ തെളിവെടുപ്പ് നടത്തിയത്. ജോളി വ്യാജ ഒസ്യത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാത്തിന് പിന്നില്‍ നിയമോപദേശം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.

Related posts