കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയ്ക്ക് ജയിലില്‍ പ്രത്യേകസുരക്ഷ. ഒരു വാര്‍ഡനെ പ്രത്യേകമായി ജയിലിനുള്ളില്‍ ജോളിയെ നിരീക്ഷിക്കുന്നതിന് മാത്രമായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ജയിലധികൃതര്‍ അറിയിച്ചു.
ജോളി ആത്മഹത്യ ചെയ്യാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പ്രത്യേക സുരക്ഷ ഒരുക്കിയത്. സാധരണയായി ജയിലില്‍ എത്തുന്നവര്‍ക്ക് ഇത്തരത്തില്‍ പ്രത്യേക സുരക്ഷ ഒരുക്കുന്നത് പതിവില്ലാത്തതാണ്. എന്നാല്‍ ആറു പേരുടെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള പ്രതിയായതിനാലാണ് സുരക്ഷ ഒരുക്കുന്നത്.
മാതാപിതാക്കളേയും മകളേയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിണറായി വണ്ണത്താംകണ്ടി സൗമ്യ(30) ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. ജയില്‍വളപ്പില്‍ പുല്ലുരിയാന് പോയ സമയത്ത് സാരിയില്‍ കശുമാവില്‍ തൂങ്ങി മരിക്കുകയായിരുന്നു.
ഇത് ജയില്‍ വകുപ്പിന്റെ വീഴ്ചയാണെന്ന രീതിയില്‍ ആരോപണവും ഉയര്‍ന്നിരുന്നു. ഇതോടെ മൂന്നു പേരുടെ മരണത്തിന് പിന്നില്‍ സൗമ്യയെ സഹായിച്ച പ്രതികളെ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിയാതെയായി. ഈ പശ്ചാത്തലം നിലനില്‍ക്കെയാണ് കൂടത്തായി കേസിലെ പോലീസിന്റെ തുറുപ്പ് ശീട്ടായ ജോളിയ്ക്ക് സുരക്ഷ ഒരുക്കാന്‍ തീരുമാനിച്ചത്.