കോഴിക്കോട്: പൊന്നാമറ്റത്തിൽ ടോം തോമസിന്റെ പേരിൽ വ്യാജ ഒസ്യത്ത് നിർമിക്കാനും അതുവഴി കൈക്കലാക്കിയ ഭൂമിക്ക് നികുതിയടക്കാനും വഴിവിട്ട് സഹായിച്ച കോഴിക്കോട് താലൂക്ക് ഭൂപരിഷ്കരണവിഭാഗം തഹസിൽദാർ ജയശ്രീ വാര്യർക്കെതിരെ കൂടുതൽ തെളിവുകൾ.
അറസ്റ്റിലാകുന്നതിന് തൊട്ടുമുൻപ് ജോളി ഏറ്റവുമധികം ഫോണിൽ ബന്ധപ്പെട്ട ബിഎസ്എൻഎൽ ജീവനക്കാരൻ കക്കയം സ്വദേശി ജോൺസനും ജയശ്രീയും തമ്മിൽ അടുത്തിടെ നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ളിപ്പിംഗ് ക്രൈംബ്രാഞ്ചിനു ലഭിച്ചു.
” ജോൺസാ ഇനിയെന്താ ചെയ്ക, ഞാനും കുടുങ്ങുമല്ലോ ‘ എന്ന് ജയശ്രീ പറയുന്നതാണ് ക്ളിപ്പിംഗിലുള്ളത്. 2008ൽ ടോം തോമസ് മരിച്ചതിനു തൊട്ടുപിന്നാലെയാണ് പിതാവ് ടോം തോമസ് എഴുതിയതെന്ന പേരിലുള്ള ഒസ്യത്ത് മക്കളായ റോജോയേയും റെഞ്ചിയേയും ജോളി കാണിക്കുന്നത്.
പിതാവിന്റെ സംസ്കാരചടങ്ങുകൾ കഴിഞ്ഞ് വീട്ടിൽ പിതാവിന്റെ മുറിയിലിരിക്കുന്പോൾ ജോളി ഒസ്യത്തുമായി കടന്നുവരികയായിരുന്നു. ഒസ്യത്തിൽ പിതാവിന്റെ ഒപ്പ് ഇല്ലാത്തതിനാൽ വ്യാജമാണെന്നും നിലനിൽക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
പിന്നീട് ഭർത്താവ് റോയ് തോമസ് മരിച്ചതിനുശേഷമാണ് ഒപ്പും തിയതിയുമുള്ള ഒസ്യത്തിന്റെ പിൻബലത്തിൽ ടോം തോമസിന്റെ 38.75 സെന്റ് സ്ഥലവും ഇരുനില വീടും ജോളിയുടെ പേരിലാക്കിയത്. ഈ വ്യാജ ഒസ്യത്ത് നിർമിക്കാൻ അന്ന് കൂടത്തായി വില്ലേജ് ഓഫീസിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന ജയശ്രീ സഹായിച്ചതായാണ് കണ്ടെത്തൽ. എന്നാൽ താൻ ഒരു സഹായവും ചെയ്തിട്ടില്ലെന്നാണ് ജയശ്രീയുടെ മൊഴി. ഇതിനെ ഖണ്ഡിക്കുന്നതാണ് ജോൺസൻ ഹാജരാക്കിയ വീഡിയോ ക്ലിപ്പിംഗ്.
വ്യാജ ഒസ്യത്ത് മുഖേന ഭൂമി തട്ടിയെടുത്ത സംഭവത്തിൽ ടോം തോമസിന്റെ മക്കൾ കോടതിയിൽ കേസ് ഫയൽചെയ്തിരുന്നു. പിന്നീട് റോജോ മുതൽപേരുടെ പേരിലേക്ക് മാറ്റിയ ഭൂമി തുല്യമായി വീതിക്കാൻ ധാരണയായി. എന്നാൽ തറവാടിനോടു ചേർന്ന 50 സെന്റ് ഭൂമിയിലും അവകാശം ലഭിക്കണമെന്ന് ജോളി ശഠിച്ചു.
ഇതേ തുടർന്നാണ് വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട് ജയശ്രീക്കെതിരെ മറ്റുമക്കൾ തെളിവുകൾ ശേഖരിച്ചത്. ഭൂമി കൈമാറ്റം സംബന്ധിച്ച സുപ്രധാന രേഖകൾ കൂടത്തായി വില്ലേജ് ഓഫീസിൽ നിന്ന് ഇപ്പോൾ കാണാതായത് സംബന്ധിച്ച് പോലീസ് -റവന്യു വകുപ്പ് അന്വേഷണം നടക്കുകയാണ്. തഹസിൽദാർ ജയശ്രീക്കെതിരെ ഉടൻ വകുപ്പുതല നടപടി ഉണ്ടായേക്കും.