കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായിബന്ധപ്പെട്ട് കല്ലറ തുറക്കാതിരിക്കാന്‍ മുഖ്യപ്രതി ജോളി ശ്രമിച്ചതായും ഇതിനായി കരുക്കള്‍ നീക്കിയതായും മൊഴി. കല്ലറ പൊളിച്ചാല്‍ ആത്മാക്കള്‍ക്ക് മുക്തി ലഭിക്കില്ലെന്ന തരത്തില്‍ പ്രചാരണം നടത്തിയിരുന്നതായും വൈദികരോടുള്പ്പെടെ ഈ രീതിയില്‍ സംസാരിച്ചിരുന്നതായും ഇവര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
കല്ലറ തുറക്കുന്നത് കുടുംബത്തിനു മാനഹാനിയുണ്ടാക്കും. ഇതുണ്ടാകരുതെന്ന് ഇവര്‍ പള്ളികമ്മിറ്റി ഭാരവാഹികളോടും ട്രസ്റ്റികളോടും പറഞ്ഞിരുന്നതായും ചോദ്യം ചെയ്യലില്‍ വ്യക്തമായി. പോലീസിന്റെ കല്ലറ തുറക്കാനുള്ള നീക്കം അറിഞ്ഞതോടെയായിരുന്നു ഇത്.
മറ്റൊരാളില്‍ നിന്നുകൂടി സയനൈഡ് വാങ്ങി: എം.എസ്.മാത്യു
കോഴിക്കോട്: ജോളിക്കുവേണ്ടി പ്രജുകുമാറിനൊപ്പം മറ്റൊരാളില്‍ നിന്നു കൂടി സയനൈഡ് വാങ്ങി യതായി എം.എസ്.മാത്യൂവിന്റെ മൊഴി. താമരശേരി ഭാഗത്തുനിന്നുള്ള സ്വര്ണപണിക്കാരനില്നിന്നാണ് സയനൈഡ് വാങ്ങിയെതെന്നും ഇയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നും മാത്യു അന്വേഷണസംഘത്തിന് മൊഴി നല്കി.
പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് എം.എസ്.മാത്യു മുഖേന ജോളിക്ക് സയനൈഡ് നല്‍കിയതെന്ന് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള പ്രതി പ്രജുകുമാര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. പ്രജു കുമാറിന് പുറമേ മറ്റൊരാളില്‍ നിന്നുകൂടി സയനൈഡ് വാങ്ങിയതായാണ് ഇപ്പോള്‍ മാത്യു അന്വേഷണ സംഘത്തോട് സമ്മതിച്ചിരിക്കുന്നത്.