കൊയിലാണ്ടി : കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് കട്ടപ്പനയിലെ ജോത്സ്യന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കുന്നു. കട്ടപ്പന കേന്ദ്രീകരിച്ചുള്ള ജ്യോതിഷ രത്നം രാധാകൃഷ്ണനെ കുറിച്ചാണ് അന്വേഷണം . മരിച്ച റോയ് തോമസിന്റെ ശരീരത്തില്‍ ഒരു തകിടുണ്ടായിരുന്നുവെന്നും ഈ തകിട് വഴി വിഷം ശരീരത്തിനുള്ളിലെത്താന്‍ സാധ്യതയുണ്ടോയെന്ന സംശയത്തിലാണ് അന്വേഷണസംഘം. കൂടത്തായി സംഭവം വാർത്തകളിൽ നിറഞ്ഞതോടെ ജോത്സ്യൻ മുങ്ങിയിരിക്കയാണ്.
തകിട് നല്കിയ ജോത്സ്യന്റെ വിലാസവും പൊതിയും റോയിയുടെ പാന്റ്സിന്റെ കീശയിലുണ്ടായിരുന്നു. കൂടാതെ റോയി തോമസ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുറിയില്‍ നിന്നും നിരവധി തകിടുകളും ദുര്‍മന്ത്രവാദത്തിനുപയോഗിക്കുന്ന സാധനങ്ങളും കണ്ടെത്തിയിരുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്ന കോടഞ്ചേരി പോലീസായിരുന്നു ഇവ കണ്ടെത്തിയത്. ഇത് പിന്നീട് പോലീസില്‍ നിന്ന് ജോളി തിരിച്ചു വാങ്ങി. ഈ പൊതിയിലുള്ള പൊടിയാണ് ഷാജുവിന്റെ ഭാര്യ സിലിയ്ക്ക് നല്‍കിയതെന്ന് ജോളിയും മൊഴി നല്‍കിയിരുന്നു.
ഇതോടെയാണ് ജോളിയുടെ അന്ധവിശ്വാസത്തെ കുറിച്ച് അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നത്. മന്ത്രവാദവും കൂടോത്രവും ജോളി നടത്തിയിരുന്നതായാണ് വിവരം. ഈ സാഹചര്യത്തിലാണ് ജോത്സ്യനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ഇയാളോട് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരായില്ല. അതേസമയം സയനൈഡ് അല്ലെന്ന് സ്ഥാപിക്കാനുള്ള ജോളിയുടെ നാടകമായി മാത്രമെ പോലീസ് ഇതിനെ കാണുന്നുള്ളൂ.