കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ അന്വേഷണം കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച്. മാത്യുവിന് സയനൈഡ് നല്കിയ ജ്വല്ലറി ജീവനക്കാരനായ മൂന്നാം പ്രതി താമരശ്ശേരി പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ വീട്ടില്‍ പ്രജികുമാര്‍ (48) സയനൈഡ് വാങ്ങിയത് കോയമ്പത്തൂരില്‍ നിന്നാണ്.
ഈ സാഹചര്യത്തിലാണ് അന്വേഷണം കോയമ്പത്തൂരിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. കോയമ്പത്തൂരില്‍ നിന്ന് ജോളിക്ക് കൂടുതല്‍ സയനൈഡ് ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. അതേസമയം ജോളിയുള്‍പ്പെടെയുള്ള മൂന്നു പ്രതികളെ രണ്ട് ദിവസത്തേക്ക് കൂടി താമരശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി(രണ്ട്) പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഒന്നാംപ്രതി ജോളി(47), ജോളിക്ക് സയനൈഡ് എത്തിച്ചുനല്‍കിയ ജൂവലറി ജീവനക്കാരനും റോയിയുടെ അമ്മാവന്റെ മകനുമായ രണ്ടാം പ്രതി കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്.മാത്യു എന്ന ഷാജി(44), മാത്യുവിന് സയനൈഡ് നല്കിയ ജ്വല്ലറി ജീവനക്കാരനായ മൂന്നാം പ്രതി താമരശേരി പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ വീട്ടില്‍ പ്രജികുമാര്‍ (48) എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി വീണ്ടും കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. 18-ന് വൈകുന്നേരം നാലുവരെയാണ് കസ്റ്റഡി കാലാവധി.മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ ഈമാസം 19-ന് കോടതി പരിഗണിക്കും.
കോയമ്പത്തൂരിലെത്തി വിശദമായ തെളിവടുപ്പ് നടത്തണമെന്നതടക്കമുള്ള പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് കസ്റ്റഡി കാലാവധി നീട്ടിയത്.ജോളിയെ മൂന്നുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടത്. കസ്റ്റഡി നീട്ടരുതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടു. പോലീസിനെക്കുറിച്ച് പരാതിയില്ലെന്നും ശാരീരിക മാനസിക ബുദ്ധിമുട്ടില്ലെന്നും അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. രാവും പകലും ചോദ്യം ചെയ്യല്‍ നടന്നതായും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
രണ്ട് ദിവസംകൂടി കസ്റ്റഡിയില്‍
എന്നാല്‍ മറ്റ് അഞ്ച് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ പ്രതികള്‍ കസ്റ്റഡിയില്‍ തുടരണമെന്നായിരുന്നു പ്രോസിക്യൂഷന് നിലപാട്. തുടര്‍ന്നാണ് രണ്ടുദിവസം കൂടി കസ്റ്റഡിയില്‍ വിട്ടത്. അതേസമയം പ്രജി കുമാറുമായി സംസാരിക്കാന്‍ ഭാര്യക്ക് കോടതി പത്ത് മിനിറ്റ് സമയം നല്കി.പൊന്നാമറ്റംവീട്ടില്‍ റോയി തോമസിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡ് കാലാവധി 18നാണ് അവസാനിക്കുന്നത്.
ഈ സാഹചര്യത്തില്‍ ബാക്കിയൂള്ള ദിവസത്തേക്ക് കൂടി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ രഞ്ജിന് ബേബി ആവശ്യപ്പെടുകയായിരുന്നു. നേരത്തെ ഒരാഴ്ചത്തേക്കായിരുന്നു പ്രതികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. കാലാവധി ഇന്നലെ പൂര്‍ത്തിയായ സാഹചര്യത്തിലാണ് വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കിയത്. ഇന്നലെ വൈകുന്നേരം 4.50 ഓടെ കോടതിയില്‍ എത്തിച്ച പ്രതികളെ വൈകുന്നേരം ആറോടെ വടകര എസപി ഓഫീസിലേക്ക് തിരികെ കൊണ്ടുപോയി.
റെഞ്ചിയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി
അതേസമയം റോജോയുടെയും സഹോദരി റെഞ്ചിയുടേയും മൊഴിയെടുക്കല്‍ ഇന്നലെ പൂര്‍ത്തിയായി. ഇന്നലെ രാവിലെ എസ്പി ഓഫീസിലെത്തിയ ഇരുവരും വൈകിട്ടോടെയാണ് മൊഴിയെടുക്കല്‍ പൂര്‍ത്തിയായതിന് ശേഷം പുറത്തിറങ്ങിയത്. ജോളിയുടെ മക്കളും ഇന്നലെ വടകരയില്‍ ഇവര്‍ക്കൊപ്പമെത്തിയിരുന്നു.
കൂടാതെ കട്ടപ്പനയില്‍ നിന്നെത്തി ജ്യോല്സ്യനേയും അന്വേഷണസംഘം ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. റോയിയുടെ ശരീരത്തിലുണ്ടായിരുന്നു ഏലസിനെകുറിച്ചറിയുന്നതിനായിരുന്നു ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ഇതിന് പുറമേ വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ടുള്ള റവന്യൂവകുപ്പിന്റെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. വകുപ്പ്തല അന്വേഷണത്തിന്റെ ഭാഗമായി ജയശ്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.