കോഴിക്കോട്: പ്രീഡിഗ്രി പാസാകാത്ത കൂടത്തായ് കൊലപാതകപരമ്പരകേസിലെ മുഖ്യപ്രതി ജോളി എൻഐടി പ്രഫസറുടെ വ്യാജ തിരിച്ചറിയൽ കാർഡ് തയാറാക്കിയത് രാഗം- തത്വ വാർഷിക ഫെസ്റ്റുകളുടെ മറവിൽ. എല്ലാ വർഷവും എൻഐടിയിൽ വിദ്യാർഥികളുടെ കലാമത്സരങ്ങൾ രാഗം ഫെസ്റ്റ്, തത്വ ഫെസ്റ്റ് എന്ന പേരുകളിൽ നടക്കാറുണ്ട് .
പുറമെ നിന്നുള്ളവർക്ക് രണ്ടായിരം രൂപ മുതലാണ് പ്രവേശന ഫീസ്. 15 വർഷം മുന്പാണ് രാഗം ഫെസ്റ്റ് സൗജന്യമായി കാണുന്നതിന് ചിലരുടെ സഹായത്തോടെ വ്യാജ തിരിച്ചറിയൽ കാർഡ് സംഘടിപ്പിച്ചതെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ എൻഐടി പരിസരത്ത് തെളിവെടുപ്പ് നടത്തി.
മഞ്ചാടിയിൽ മാത്യു വധക്കേസ് അന്വേഷിക്കുന്ന കുറ്റ്യാടി സിഐ സുനിൽകുമാറിന്റെ നേതൃത്യത്തിലായിരുന്നു തെളിവെടുപ്പ്. കട്ടാങ്ങൽ ഭാഗത്തെ മൂന്നു ഡിടിപി സെന്ററുകൾക്ക് മുന്നിൽ ജോളിയെ എത്തിച്ചു. എൻഐടി പരിസരത്തെ കമ്പനി മുക്കിൽ പ്രവർത്തിക്കുന്ന സ്ഥാപനം ജോളി പോലീസിന് കാണിച്ചുകൊടുത്തു. ഇവിടെനിന്നാണ് വ്യാജ തിരിച്ചറിയൽ കാർഡ് തയാറാക്കിയതെന്ന മൊഴിയനുസരിച്ച് സ്ഥാപന നടത്തിപ്പുകാരനെ ചോദ്യം ചെയ്തു.
വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കാലത്തെ സ്ഥപന ഉടമ ഏതാനും വർഷം മുന്പ് മറ്റൊരാൾക്ക് വിറ്റതാണ്. പഴയ ഉടമയെ കണ്ടെത്താൻ പോലീസ് ഊർജിത അന്വേഷണം തുടരുന്നു. അതേസമയം വർഷങ്ങളോളം ജോളി കഴുത്തിൽ തൂക്കി നടന്ന വ്യാജ തിരിച്ചറിയൽ കാർഡ് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല.
കൂടത്തായി കൊലപാതക പരമ്പര കേസ് ആരംഭിച്ച ഘട്ടത്തിൽതന്നെ കാർഡ് നശിപ്പിച്ചതായാണ് ജോളി പോലീസിനോടു പറഞ്ഞത്. എങ്കിലും തെളിവിലേക്കായി ജോളി തിരിച്ചറിയൽ കാർഡ് ധരിച്ചുനിൽക്കുന്ന ഫോട്ടോകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കാർഡ് ജോളിയുടെ ഏതെങ്കിലും പുരുഷ സുഹൃത്തിന്റെ പക്കൽ ഉണ്ടോ എന്നത് അന്വേഷിച്ചു വരികയാണ്.
വ്യാജതിരിച്ചറിയൽ കാർഡ് സംഘടിപ്പിക്കാൻ എൻഐടിയിലെ ചില പുരുഷ ജീവനക്കാരുടെ സഹായം ലഭിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാർഡ് അണിഞ്ഞ് ചില ജീവനക്കാർക്കൊപ്പം ജോളി എൻഐടി കാമ്പസിനുള്ളിൽ വിലസിയിരുന്നതായും പോലീസ് കണ്ടെത്തി. ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. വർഷങ്ങളോളം ജോളി എൻഐടി പ്രഫസർ ചമഞ്ഞ് കട്ടാങ്ങൽ ഭാഗത്ത് വിലസിയിരുന്നു.