വടകര: ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടെന്നു സ്ഥാപിക്കാന്‍ ജോളി ജോസഫ് നടത്തിയ ശ്രമങ്ങളാണ് ആറു കൊലപാതകങ്ങളില്‍ കലാശിച്ചത്. കള്ളങ്ങള്‍ ആവര്‍ത്തിച്ചും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചും ജോളി കൗശലക്കാരിയായി. നിരന്തരം പറഞ്ഞ കള്ളങ്ങള്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ കൊലപാതകത്തിലേക്കു തിരിയാന്‍ ജോളിക്ക് യാതൊരു കൂസലുമില്ലാതെയായി.
പ്രീഡിഗ്രി മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ജോളി ബിരുദാനന്തര ബിരുദധാരിയാണെന്നായിരുന്നു എല്ലാവരേയും വിശ്വസിപ്പിച്ചിരുന്നത്. കല്ല്യാണത്തിന് ശേഷം ഭര്‍തൃമാതാവ് അന്നമ്മ തോമസ് ജോളിയോട് ജോലിക്ക് പോകാന്‍ നിരന്തരം ആവശ്യപ്പെടുമായിരുന്നു.
ഇത് ശല്യമായി തോന്നിയതോടെയാണ് അന്നമ്മയെ കൊല്ലാന്‍ തീരുമാനിച്ചത്. ഇതിനുപുറമെ, അന്നമ്മ മരിച്ചാല്‍ മാത്രമേ വീടിന്റെ നിയന്ത്രണം തനിക്ക് ലഭിക്കൂ എന്ന കണക്കുകൂട്ടലും കൊല്ലാനുള്ള കാരണമായി.
സര്‍ട്ടിഫിക്കറ്റെല്ലാം വളരെ തന്ത്രപരമായി വ്യാജമായി ഉണ്ടാക്കി താന്‍ എംകോം കാരിയാണെന്ന് സ്ഥാപിച്ചു. ഭര്‍തൃപിതാവ് ടോം തോമസ് നടത്തുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ നിന്ന് എലിസബത്ത് സെബാസ്റ്റ്യന്‍ എന്ന എംജി യൂനിവേഴ്സിറ്റി ബികോം വിദ്യാര്‍ഥിനിയുടെ നമ്പര്‍ നോക്കി സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് കൊണ്ടായിരുന്നു ആദ്യത്തെ തട്ടിപ്പ്.
ബികോമിന് ജോളി രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും ആദ്യത്തെ രണ്ട് പരീക്ഷ മാത്രം എഴുതി പഠനം നിര്‍ത്തുകയായിരുന്നു. ബിരുദാനന്തര ബിരുദധാരിയാണെന്ന് ഭര്‍തൃവീട്ടുകാരെ ധരിപ്പിച്ചതിനാല്‍ അത് സ്ഥാപിക്കാനുള്ള ശ്രമമായി.
ബികോം റിസള്‍ട്ട് പത്രത്തില്‍ വന്നപ്പോള്‍ ജയിച്ച കുട്ടിയുടെ നമ്പര്‍ കണ്ടെത്തിയ ജോളി സര്‍ട്ടിഫിക്കറ്റും ഫോട്ടോസ്റ്റാറ്റും എടുത്തു. പേരും മാര്‍ക്കും എല്ലാം തിരുത്തിക്കൊണ്ടായിരുന്നു തന്റെ സര്‍ട്ടിഫിക്കറ്റ് എന്ന പേരില്‍ ഫോട്ടോസ്റ്റാറ്റ് എടുത്തത്. എംകോം സര്‍ട്ടിഫിക്കറ്റ് ഇതുപോലെ കേരള യൂനിവേഴ്സിറ്റിയിലേതാണ് സംഘടിപ്പിച്ചത്.
ഇവക്കൊക്കെ വ്യക്തമായ തെളിവു അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. യുജിസി എഴുതിയിട്ടേയില്ലെന്നതിനു രേഖ ലഭിച്ചെന്ന് എസ്പി പറഞ്ഞു. ജോലി കിട്ടാന്‍ ബിഎഡ് സമ്പാദിക്കണമെന്ന് അന്നമ്മ തോമസ് നിര്‍ബന്ധിച്ചപ്പോള്‍ പാലായില്‍ താമസിച്ച് പഠിക്കാനെന്നു പറഞ്ഞു പോയി.
പിന്നീടൊരിക്കില്‍ താല്‍ക്കാലി ക ജോലിയെന്ന് പറഞ്ഞ് വൈക്കത്ത് താമസിച്ചു. ആഴ്ചക്കകം തിരിച്ചെത്തി. കൊച്ചിനെ നോക്കണമെന്നും റോയിക്ക് കട നോക്കണമെന്നും പറഞ്ഞായിരുന്നു തിരിച്ചെത്തിയത്. അന്നമ്മയുടെ നിര്‍ബന്ധം കൂടിയപ്പോള്‍ എംകോം ഇംപ്രൂവ് ചെയ്യണമെന്നും പറഞ്ഞ് കട്ടപ്പനക്ക് പോയി. മൂന്നു മാസം കഴിഞ്ഞ് തിരിച്ചു വരുന്നു.
കള്ളം പറഞ്ഞതിന് കൃത്യം കൃത്യമായുള്ള സാക്ഷികളുണ്ടെന്ന് എസ്പി പറഞ്ഞു. പാലായില്‍ എവിടെപ്പോയി, എവിടെ താമസിച്ചു, വൈക്കത്ത് എങ്ങിനെ ചെലവഴിച്ചു.
എല്ലാ കാര്യത്തിനും സാക്ഷിയുണ്ട്. കട്ടപ്പനയില്‍ പട്ടിയെ കൊല്ലാന്‍ മരുന്നിന് മെഡിക്കല്‍ കടയില്‍ പോയത് ഓര്മ വന്നു. അതിന് ചെന്നപ്പോള്‍ ഡോക്ടറുടെ കുറിപ്പടി വേണമെന്ന് പറഞ്ഞിരുന്നു.
2002 ജൂണ്‍ 27 ന് കോഴിക്കോട് വെറ്ററിനറി ഡോക്ടറെ കണ്ട് പട്ടിക്ക് അസുഖമെന്ന് പറഞ്ഞ് കുറിപ്പടി വാങ്ങിച്ചു. അഞ്ച് രൂപയ്ക്ക് ചെല്ലാന്‍ അടച്ച് പിന്നീട് നിരോധിച്ച മരുന്ന് (ഡോക്കില്‍ ) വങ്ങിച്ചു. ആട്ടിന്‍ സൂപ്പില്‍ ചേര്‍ത്ത് അന്നമ്മക്ക് കൊടുത്തു.
അസ്വസ്ഥതയെ തുടര്‍ന്ന ആശുപത്രിയില്‍ കൊണ്ടു പോയി. സുഖമായി തിരിച്ചു വന്നു. 2002 ഓഗസ്റ്റ് 22 ന് രണ്ടാമത് തവണ കൊടുക്കുന്നു. 17 വര്‍ഷം മുമ്പ് നടന്ന സംഭവമാണെങ്കിലും കേസുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോള്‍ എല്ലാ തെളിവുകളും രേഖകളും കൃത്യമായി ലഭിച്ചത് സഹായകമായെന്ന് എസ്പി പറഞ്ഞു.
എല്ലാ കൊലപാതകങ്ങളിലും വിഷം ചേര്‍ത്ത പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കാന്‍ ജോളി പ്രത്യേകം ശ്രദ്ധിച്ചു. ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം, പേരാമ്പ്ര സിഐ കെ.കെ. ബിജു. പയ്യോളി എസ്ഐ സി.കെ. സുജിത്ത്, മേപ്പയ്യൂര്‍ എഎസ്ഐ പി.കെ. അജയ്കുമാര്‍ , ബാലുശ്ശേരി എസ്സിപി ഒ.വി. റിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
കൂടത്തായി കേസിലെ മുഴുവന്‍ കുറ്റപത്രവും സമര്പിച്ചതോടെ അന്വേഷണ സംഘത്തലവന് കെ.ജി. സൈമണ്‍ റൂറല്‍ എസ്പി പദവി ഒഴിയും. അദ്ദേഹത്തെ പത്തനംതിട്ട എസ്പിയായി സര്‍ക്കാര്‍ നിയമിച്ചിരിക്കുകയാണ്.