കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ സിലിയുടെ ആഭരണങ്ങള്‍ തിരിച്ചറിയാനായി സഹോദരന് സിജോ ഇന്നുരാവിലെ അന്വേഷണസംഘം മുമ്പാകെ എത്തി. കേസിലെ മുഖ്യപ്രതി ജോളി സുഹൃത്തായ ജോണ്‍സനെ ഏല്പിച്ച സ്വര്‍ണത്തില്‍ സിലിയുടെതുണ്ടോയെന്ന് തിരിച്ചറിയാനാണ് ഇവരോട് അന്വേഷണഉദ്യോഗസഥര് എത്താന്‍ ആവശ്യപ്പെട്ടത്.
ഇതേതുടര്‍ന്ന് ഇന്ന് വടകര തീരദേശപോലീസ് സ്റ്റേഷനില്‍ സിജോ എത്തുകയായിരുന്നു. സിലിയുടെ മരണശേഷം ജോളി ഏല്‍പ്പിച്ച എട്ടേകാല്‍ പവന് സ്വര്‍ണം ജോണ്സന് ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. ഇതില്‍ സിലിയുടെ ആഭരണങ്ങൾ ഉണ്ടോ എന്നു ഉറപ്പിക്കാനാണ് സിജോയെ വിളിച്ചുവരുത്തിയത്.
അതേസമയം ഇന്നലെ കട്ടപ്പനയിലെ വീട്ടില്സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളുടെ വൻശേഖരം ജോളിയുടെ സഹോദരന് അന്വേഷണസംഘത്തിന് മുന്നില്‍ എത്തിച്ചിരുന്നു. ഇവ സ്ഥിരീകരിക്കുന്നതിനായി സിജോയും സഹോദരിയും സിജോയുടെ ഭാര്യയും ഇന്നലെ എത്തിയിരുന്നു.
എന്നാല്‍ ഇതില്‍ സിലിയുടെ ആഭരണങ്ങളില്ലെന്നാണ് ഇവര്‍ പറഞ്ഞത്. തുടര്‍ന്നാണ് ജോണ്സണ് പണയം വച്ച ആഭരണങ്ങള്‍ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചത്. ജോൺസനെ തുടർച്ചയായ 12 മണിക്കൂർ ചോദ്യംചെയ്തതിനാൽ ഇന്നലെ ആ ആഭരണങ്ങൾ സിലിയുടെ ബന്ധുക്കളെ കാണിക്കാനായില്ല. ജോൺസൻ കൊണ്ടുവന്നത് സിലിയുടെ ആഭരണമാണെന്ന് തിരിച്ചറിഞ്ഞാല്‍ അത് ജോളിക്കെതിരേയുള്ള നിര്ണായകതെളിവായി മാറും.