കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി നൽകിയ സ്വർണാഭരണങ്ങൾ സുഹൃത്തായ ബിഎസ്എൻഎൽ ജീവനക്കാരൻ കൂടത്തായിൽ താമസക്കാരനായ വലിയപറമ്പിൽ ജോൺസൻ പല ബാങ്കുകളിൽ പണയം വച്ചതായി പോലീസ് കണ്ടെത്തി. കോയമ്പത്തൂരിലെ ജോലി സ്ഥലത്തുനിന്ന് വിളിച്ചുവരുത്തിയ ജോൺസനെ തുടർച്ചയായ 12 മണിക്കൂർ ചോദ്യം ചെയ്തതിൽ നിന്നാണ് സ്വർണ പണയത്തിന്റെ വിശദാംശം പോലിസ് കണ്ടെത്തിയത്.
സ്വർണം ഉടൻ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഈ ബാങ്കുകൾക്ക് പോലീസ് നോട്ടീസ് നൽകി. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ 35 പവന്റെ ആഭരണങ്ങൾ ഇക്കൂട്ടത്തിൽ ഉണ്ടാവുമെന്നാണ് പോലീസ് കരുതുന്നത്. ജോളി പത്ത് പവനിൽ താഴെ ആദരണങ്ങളെ തനിക്ക് കൈമാറിയുള്ളൂവെന്നും ഇത് താമരശേരിക്കടുത്ത ബാങ്കിൽ പണയം വച്ചതായുമാണ് ജോൺസന്റെ ആദ്യ മൊഴി.
ബാങ്കിൽനിന്ന് ഈ സ്വർണം തിരികെയെടുത്ത് കൈവശം സൂക്ഷിച്ചിട്ടുണ്ടെന്നും ജോൺസൻ നേരത്തെ മൊഴി നൽകിയിരുന്നു. ഇതനുസരിച്ച് പത്ത് പവനിൽ താഴെ സ്വർണവുമായാണ് ജോൺസൻ ഇന്നലെ രാവിലെ 9.30 നോടെ വടകര തീരദേശ പോലീസ് സ്റ്റേഷനിൽ ഹാജരായത്.
സിലി വധക്കേസിന്റെ മേൽനോട്ട ചുമതലയുള്ള തലശേരി ഡിവൈഎസ്പി കെ.വി. വേണുഗോപാൽ, തീരദേശ ഇൻസ്പെക്ടർ ബി.കെ സിജു എന്നിവർ ചേർന്ന് ജോൺസനെ രാത്രി 9.15 വരെ ചോദ്യം ചെയ്താണ് കൂടുതൽ വിവരങ്ങൾ പുറത്തു കൊണ്ടുവന്നത്. തെളിവുകൾ നിരത്തിയുള്ള ചോദ്യംചെയ്യലിൽ പിടിച്ചു നിൽക്കാനാകാതെ ജോൺസൻ മറ്റ് ബാങ്കുകൾ ഏതെന്ന് പറയുകയായിരുന്നു.
പ്രതിമാസം ലക്ഷത്തോളം രൂപ ശമ്പളമായി ലഭിക്കുന്നുണ്ടെന്നും സ്വന്തം വീട്ടിലെ ചെലവുകൾക്ക് കഴിഞ്ഞ നാലു വർഷത്തോളമായി പണം നൽകാറില്ലെന്നും ഇയാൾ സമ്മതിച്ചു . ജോളിയുമൊത്ത് കോയമ്പത്തൂരിലടക്കം വിവിധ സ്ഥലങ്ങളിൽ താമസിച്ചിട്ടുണ്ടെന്നും ഇയാൾ മൊഴി നൽകിയതായി പോലീസ് അറിയിച്ചു.പല വിവരങ്ങളും ഒളിച്ചു വയ്ക്കാൻ ശ്രമിക്കുന്നതിനാൽ ജോൺസനെ വീണ്ടും ചോദ്യം ചെയ്യും.
ആവശ്യപ്പെട്ടാലുടൻ ഹാജരാകാൻ ഇയാൾക്ക് പോലീസ് നിർദ്ദേശം നൽകി. ജോൺസന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ച് ഭാര്യയും ബന്ധുക്കളും നേരത്തെ താമരശേരി പോലീസിൽ നൽകിയ പരാതിയിലെ കാര്യങ്ങളും ഇന്നലെ നടന്ന ചോദ്യചെയ്യലിൽ പോലീസ് ചോദിച്ചറിഞ്ഞു.
ജോളി കോയമ്പത്തൂരിൽ നിന്ന് ജോൺസൻ മുഖേനയും സയനൈഡ് ശേഖരിച്ചതായി പോലീസിന് വിവരം ലഭിച്ചിരന്നു. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ജോൺസൻ ഇത് നിഷേധിച്ചു. എന്നാൽ പോലിസ് ജോൺസന്റെ മൊഴി പൂർണമായും വിശ്വസിച്ചിട്ടില്ല. കോയമ്പത്തൂരിൽ നിന്ന് ചില വിവരങ്ങൾ കൂടി ശേഖരിച്ചതിനുശേഷം സയനൈഡുമായി ബന്ധപ്പെട്ട് ജോൺസനെ വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.