കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട മുഖ്യപ്രതി ജോളി ജോസഫുമായി കോടതി വരാന്തയിൽ സംസാരിച്ച ബന്ധുവിനെ ക്രൈംബ്രാഞ്ച് ജില്ലാ ഓഫീസിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തു. ജോളി കൊലപ്പെടുത്തിയ പൊന്നാമറ്റം ടോം തോമസിന്റെ സഹോദരപുത്രനായ പി.എച്ച് . ജോസഫ് ഹില്ലാരിയോസിനെയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. ഹരിദാസ് ഇന്നലെ വിശദമായി ചോദ്യം ചെയ്തത്. ജോളിയുടെ ഭർത്താവ് റോയ് തോമസ് കൊല്ലപ്പെട്ട കേസിൽ സാക്ഷിയായ ജോസഫിൽ നിന്ന് കോടതി നേരത്തെ രഹസ്യ മൊഴിയെടുത്തിരുന്നു.
ജോളിക്കെതിരെ ശക്തമായ മൊഴിനൽകിയ ശേഷം അവരുടെ സ്വാധീനത്തിന് വഴങ്ങിയതാണോ എന്നറിയാനാണ് ഇദ്ദേഹത്ത പോലീസ് ഇന്നലെ ചോദ്യം ചെയ്തത്. സഹോദരനുമായുള്ള സ്വത്ത് തർക്കകേസിന്റെ ആവശ്യത്തിനായി കോടതിയിലെത്തിയപ്പോൾ, വരാന്തയിൽ നിന്നിരുന്ന ജോളി അടുത്തേക്ക് വന്ന് സംസാരിക്കുകയായിരുന്നെന്ന് ജോസഫ് മൊഴിനൽകി.
തന്നെക്കുറിച്ച് പൊന്നാമറ്റം കുടുംബാംഗങ്ങൾക്ക് ഇപ്പോൾ എന്തഭിപ്രായമാണുള്ളതെന്നു ജോളി ചോദിച്ചതായും പത്രവാർത്ത നീ കാണാറില്ലേ അതേ അഭിപ്രായമാണ് എല്ലാവർക്കും ഉള്ളതെന്ന് മറുപടി നൽകിയതായും ജോസഫ് പോലീസിനോട് പറഞ്ഞു. കൂടെയുണ്ടായിരുന്ന വനിതാ പോലീസുകാർ ജോളിയുമായി സംസാരിക്കാൻ അനുമതി നൽകിയതായും ജോസഫ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ജോളിക്ക് എസ്കോർട്ട് പോയ വനിതാ പോലീസുകാരോട് വിശദീകരണം തേടും.
വിശദീകരണം തൃപ്തികരമല്ലെങ്കിൽ പോലീസുകാർക്കെതിരെ നടപടി ഉണ്ടായേക്കും. അഭിമുഖത്തിന് അവസരമൊരുക്കിയ പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി ആരോപണം ഉയർന്നിട്ടുണ്ട്. ജോളിക്കെതിരേ മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്കിയ വ്യക്തിയോട് സംസാരിക്കാനുള്ള അവസരം ഒരുക്കികൊടുത്തതായാണ് പോലീസിനെതിരേ ആരോപണമുയരുന്നത്. തിങ്കളാഴ്ച താമരശേരി കോടതിയിലായിരുന്നു സംഭവം.
പൊന്നാമറ്റത്ത് റോയ്തോമസ് മരിച്ചതിനെ തുടര്‍ന്ന് ജോസഫായിരുന്നു പോലീസില്‍ 2011 ല്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്നാണ് പോലീസ് ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്മോര്‍ട്ടവും നടത്തിയത്. സയനൈഡ് ഉള്ളിൽ ചെന്നാണ് റോയ് മരിച്ചതെന്ന് അന്നത്തെ കോടഞ്ചേരി എസ്ഐ ജോസഫിനെ അറിയിക്കുകയും പരാതിയുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു.
പരാതി ഇല്ലെന്ന ജോസഫിന്റെ മറുപടി രേഖപ്പെടുത്തി അന്ന് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ കൂടത്തായ് കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് കല്ലറ പൊളിക്കാനുള്ള അന്വേഷണസംഘത്തിന്റെ തീരുമാനത്തിന് തൊട്ടുപിന്നാലെ ജോളിക്ക് വേണ്ട നിയമസഹായം ഒരുക്കുന്നതിന് ജോസഫ് സഹായം ചെയ്തതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
അഭിഭാഷകനെ കാണുന്നതിനും മറ്റും ജോളിക്ക് സൗകര്യമൊരുക്കിയതില്‍ ജോസഫിനും മുസ്ലീം ലീഗ് പ്രദേശിക നേതാവായിരുന്നു ഇമ്പിച്ചുമോയിക്കും പങ്കുണ്ടെന്നാണ് കണ്ടെത്തൽ. ഇത്തരത്തില്‍ കേസുമായി നേരിട്ട് ബന്ധമുള്ളവരുമായി സംസാരിക്കുന്നതിന് ജോളിക്ക് അവസരമൊരുക്കിയത് ഗുരുതര വീഴ്ചയായാണ് അന്വേഷണസംഘം കാണുന്നത്. ജോസഫിന്റെ ഇന്നലത്തെ മൊഴി പോലീസ് പൂർണവിശ്വാസത്തിൽ എടുത്തിട്ടില്ല. ജോസഫ് ദിവസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലാണ്.