കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ വ്യാജരേഖയിലുള്ളത് ജോളിയുടെ ഒപ്പും കൈയക്ഷരവുമാണെന്ന് പ്രാഥമിക പരിശോധനാഫലം. ഫോറന്‍സിക് ലബോറട്ടറിയിലെ ഡോക്യുമെന്റ് വിഭാഗം വിദഗ്ധരാണ് പ്രാഥമിക പരിശോധനയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം അന്തിമ പരിശോധനാഫലം കൂടി ലഭിച്ചാല്‍ മാത്രമേ സ്ഥിരീകരിക്കാനാവുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജോളിയുടെ കൈയക്ഷരത്തിന്റെയും ഒപ്പിന്റെയും സാമ്പിളുകള്‍ നേരത്തെ തന്നെ അന്വേഷണസംഘം ശേഖരിച്ചിരുന്നു.
വ്യാജരേഖകള്‍ സൃഷ്ടിച്ച കാലഘട്ടത്തില്‍ ജോളി മറ്റ് വിവിധ ആവശ്യങ്ങള്ക്കായിട്ട ഒപ്പും കൈയക്ഷരവും ഉണ്ടോയെന്ന് അന്വേഷണസംഘം പരിശോധിച്ചിരുന്നു. നിരവധി തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. തുടര്‍ന്നാണ് നവംബർ ആറിന് താമരശേരി കോടതി മുഖേന ജോളിയുടെ കൈയക്ഷരവും ഒപ്പും ശേഖരിച്ചത്. 36 തവണയാണ് ജോളിയുടെ ഒപ്പ് ശേഖരിച്ചത്. 20 തവണ വ്യാജ ഒസ്യത്തില്‍ എഴുതിയ വാക്യങ്ങളും എഴുതിപ്പിച്ചിരുന്നു.
തുടര്‍ന്നാണ് വ്യാജരേഖകളില്‍ എഴുതിയതും ഒപ്പിട്ടതും ജോളിയാണെന്ന് അന്വേഷണസംഘം ഉറപ്പിച്ചത്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്നതിന് ഫോറന്‍സിക് പരിശോധനാ ഫലം ആവശ്യമാണ്. തുടര്‍ന്ന് തിരുവനന്തപുരം ലബോറട്ടറിയിലേക്ക് ജോളിയുടെ ഒപ്പുകളും കൈയക്ഷരവും വ്യാജരേഖകള്‍ സൃഷ്ടിച്ച കാലഘട്ടത്തിലെ ഒപ്പുകളും കൈയക്ഷരവും അയച്ചിരുന്നു. ഇതിന് മേലുള്ള പ്രാഥമിക പരിശോധനയാണിപ്പോള്‍ പൂര്‍ത്തിയായത്.
ജോളിയുടെ ഭര്‍ത്താവ് പൊന്നാമറ്റം റോയ് തോമസിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയശേഷം, റോയിയുടെ പിതാവ് ടോം തോമസിന്റെ പേരിലുള്ള വീടും സ്ഥലവും അവകാശിയായ തന്റെ പേരിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ജോളി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. പോലീസ് പിടിച്ചെടുത്ത ഈ അപേക്ഷയിലാണ് ജോളിയുടെ കൈയക്ഷരവും ഒപ്പുമുള്ളത്.
ഇതിനിടെ അറസ്റ്റിലാകുന്നതിന് തൊട്ടുമുൻപ് രണ്ടുതവണ ജോളി കോഴിക്കോട്ടെ ക്രിമിനൽ അഭിഭാഷകനെ കാണാൻപോയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അറസ്റ്റിനു രണ്ടുദിവസം മുൻപ് പൊന്നാമറ്റം കുടംബത്തിലെ രണ്ടുപേർക്കൊപ്പവും തലേന്ന് രണ്ടാം ഭർത്താവ് ഷാജു, ഇയാളുടെ പിതാവ് സക്കറിയാസ് മാസ്റ്റർ എന്നിവർക്കൊപ്പമാണ് ജോളി അഭിഭാഷകനെ സന്ദർശിച്ചത്.
ആദ്യദിവസം തന്നെ ആറുകൊലപാതകവും താൻ നടത്തിയതായി ജോളി അഭിഭാഷകനോട് സമ്മതിച്ചിരുന്നു. ഇതിനുദൃക്സാക്ഷികളായ പൊന്നാമറ്റം കുടുംബാംഗങ്ങൾ അറസ്റ്റിനുമുൻപ് വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. എന്നാൽ ഷാജുവും സക്കറിയാസും ഈ വിവരം മറച്ചുവച്ചു.
അന്ന് ഒരു ഇന്നോവ കാറിലാണ് ഇവർ അഭിഭാഷകനെ കാണാൻ പോയത്. കാറിന്റെ ഡ്രൈവറെ പോലിസ് ചോദ്യം ചെയ്തു. കാറിൽ ജോളി വളരെ അസ്വസ്ഥയായി കാണപ്പെട്ടതും സക്കറിയാസ് മാസ്റ്റർ ജോളിയെ ആശ്വസിപ്പിച്ചതുമടക്കം വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. വയനാടൻ ചുരത്തിലൂടെ ഇന്നോവ ഓടിക്കുന്നതിൽ തത്പരയായിരുന്ന ജോളിയെ അന്ന് വളരെ ഭയചകിതയായി കാണപ്പെട്ടെന്നാണ് ഡ്രൈവറുടെ മൊഴി.