കോഴിക്കോട്: കൂടത്തായി പരമ്പര കൊല കേസിൽ വഴിത്തിരിവ്. മൃതദേഹങ്ങളിൽ സയനൈഡോ വിഷാംശമോ കണ്ടെത്താനായില്ല. ദേശീയ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് പുതിയ വിവരങ്ങൾ.
മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡിന്റെയോ മറ്റ് വിഷത്തിന്റെയോ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട്.
അന്നമ്മ, ടോം, മാത്യു, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്.
2002 മുതൽ 2014 വരെയുള്ള കാലത്താണ് ഇവർ മരിച്ചത്. 2019 ലാണ് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധനയ്ക്കു അയച്ചത്.
നേരത്തെ റോയി തോമസിന്റെ മൃതദേഹത്തിൽനിന്നും സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. റോയി തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളിയാണ് കേസിലെ മുഖ്യപ്രതി. ആറു പേരെ ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്. ഇതില്‍ അഞ്ചുമരണങ്ങളും സയനൈഡ് ഉള്ളില്‍ ചെന്നാണെന്നാണു കുറ്റപത്രം.
പൊന്നാമറ്റത്തെ മരുമകളായ ജോളി സ്വത്ത് കൈക്കലാക്കാൻ ആറുപേരെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
2002ലാണ് ആദ്യ കൊലപാതകം. ആട്ടിന്‍ സൂപ്പ് കഴിച്ച അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിച്ചു. ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ്, മൂന്നു വര്‍ഷത്തിനു ശേഷം ഇവരുടെ മകന് റോയി തോമസും മരിച്ചു.
നാലാമത്തെ മരണം അന്നമ്മ തോമസിന്റെ സഹോദരന് എം.എം. മാത്യുവിന്റേത് ആയിരുന്നു. തൊട്ടടുത്ത മാസം ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ഒരു വയസുള്ള മകള്‍ ആല്ഫൈന് മരിച്ചു. 2016ല്‍ ഷാജുവിന്റെ ഭാര്യ സിലിയും മരിച്ചു.
ഇതില്‍ റോയ് തോമസിന്റെ മരണമാണ് സംശയത്തിനിടയാക്കിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ആത്മഹത്യയാണെന്നായിരുന്നു നിഗമനം.
റോയിയുടെ സഹോദരന് റോജോ തോമസ് വടകര റൂറല്‍ എസ്പിക്ക് വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട പരാതി കൈമാറിയിരുന്നു.
റൂറല്‍ എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തില്‍ മൂന്നുമാസമായി നടന്ന അന്വേഷണത്തിന് ഒടുവില്‍ കല്ലറകള്‍ തുറന്നു മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചു.
പിന്നാലെ, ജോളി, ജോളിക്കായി സയനൈഡ് ശേഖരിച്ച സൃഹൃത്ത് എം.എസ്.മാത്യു, സയനൈഡ് നല്കിയ സ്വര്ണ്ണപ്പണിക്കാരന് പ്രിജുകുമാര്‍ എന്നിവരും അറസ്റ്റിലായി.