കൊച്ചി: കൂടത്തായി കൊലപാതക പരന്പര സിനിമയും സീരിയലുമാക്കുന്നതിനെതിരെ മുഖ്യ സാക്ഷിയും കൂടത്തായി സ്വദേശിയുമായി ബാവ എന്ന മുഹമ്മദ് ഹൈക്കോടതിയിൽ ഹർജി നൽകി.
കൂടത്തായിയിൽ ജോളിയെന്ന യുവതി ഭർത്താവിനെയും ബന്ധുക്കളെയും സയനൈഡ് നൽകി കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് കോടഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസാണിത്.
ഈ സംഭവത്തെ ആസ്പദമാക്കി ഫ്ളവേഴ്സ് ടിവി ജനുവരി 13 മുതൽ കൂടത്തായി ദി ഗെയിം ഓഫ് ഡെത്ത് എന്ന പേരിൽ സീരിയൽ പ്രദർശിപ്പിക്കാൻ തുടങ്ങിയെന്നും ഇതേ വിഷയത്തിൽ രണ്ടു സിനിമകൾ കൂടി ഒരുങ്ങുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.
സർക്കാരിനും ഡിജിപിക്കും ഫ്ളവേഴ്സ് ടിവിക്കും പുറമേ ചലച്ചിത്ര നിർമാതാവ് ആന്റണി പെരുന്പാവൂർ, ഡിനി ഡാനിയൽ എന്നിവരെയും എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയിട്ടുള്ളത്.
സീരിയലിൽ ഒരു പരിധിവരെ തന്നെ മോശക്കാരനായാണ് ചിത്രീകരിച്ചിട്ടുള്ളതെന്നാണ് ഹർജിക്കാരന്റെ വാദം.
സിനിമയ്ക്കും സീരിയലിനും വേണ്ടി കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ കേസ് അന്വേഷണത്തെ തരത്തിൽ സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത് കോടതിയലക്ഷ്യമാണ്.
സീരിയൽ – സിനിമാ ചിത്രീകരണങ്ങളിലൂടെ സാക്ഷികളെ അപമാനിക്കാനും ഭീഷണിപ്പെടുത്താനുമാണ് ഇവർ ശ്രമിക്കുന്നത്. സീരിയലിന്റെ സംപ്രേക്ഷണം നിരോധിക്കണമെന്നും സിനിമകൾ ചിത്രീകരിക്കുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.