കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകും. കൊലപാതക പരമ്പരയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത റോയ്തോമസ് കേസില്‍ ജനുവരി മൂന്നിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം. കേസ് രജിസ്റ്റര്‍ ചെയ്ത് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം അനുവദിക്കാമെന്നാണ് നിയമം.
ഈ സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും കുറ്റപത്രം ഈ കാലളവിനുള്ളില്‍ സമര്‍പ്പിക്കുകയെന്നത് സങ്കീര്‍ണമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാൽ ഒരു കേസിൽ കുറ്റപത്രം വൈകിയാലും മറ്റ് അഞ്ചു കൊലപാതക കേസുകളിൽകൂടി പ്രതിയായതിനാൽ ജോളിക്ക് ജാമ്യം ലഭിക്കാൻ സാധ്യതയില്ലെന്ന് നിയമവൃത്തങ്ങൾ പറയുന്നു.
90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെങ്കില്‍ അന്വേഷണസംഘം 60 ദിവസത്തിനുള്ളില്‍ എല്ലാജോലികളും പൂര്‍ത്തിയാക്കി കുറ്റപത്രം തയാറാക്കണം. തുടര്‍ന്ന് ഇത് വിദഗ്ധ ഉപദേശത്തിനായി എസ്പി, ഐജി, എഡിജിപി, ഡിജിപി തലത്തില്‍ പരിശോധിക്കണം. ഇത് ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തണം. ഓരോ വിഭാഗവും പരിശോധിക്കുമ്പോള്‍ കൂട്ടിച്ചേര്ക്കണ്ടതായുള്ളതും ഒഴിവാക്കേണ്ടതായുള്ളതുമായ കാര്യങ്ങള്‍ അന്വേഷണസംഘത്തിന് റിപ്പോര്‍ട്ടായി നല്‍കും.
ഇതുപ്രകാരം വീണ്ടും കുറ്റപത്രം തയാറാക്കണം. അതിനുശേഷമേ കോടതിയില്‍ സമര്‍പ്പിക്കാനുള്ള അനുമതി ലഭിക്കുകയുള്ളൂ. കൂടാതെ ശാസ്ത്രീയ തെളിവുകളുടെ റിപ്പോര്‍ട്ടുകളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കണം. ഇതിനായി ഫോറന്‍സിക് പരിശോധനയും വേഗത്തിലാക്കണം.
പരിശോധനാഫലം ലഭിച്ചശേഷം അത് കുറ്റപത്രത്തില്‍ എഴുതിച്ചേര്‍ക്കുകയും വേണം. കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കുന്ന രേഖകളും തെളിവുകളും മറ്റും പരിശോധിക്കാനും രേഖപ്പെടുത്താനും കോടതിക്കും സമയം ആവശ്യമാണ്. അതിനാല്‍ 90 ദിവസത്തിന് മുമ്പേ തന്നെ സമര്‍പ്പിക്കണമെന്നാണ് പറയുന്നത്.
17 വര്‍ഷം മുമ്പുള്ള കേസായതിനാല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും മൊഴികള്‍ രേഖപ്പെടുത്തുന്നതിനുമെല്ലാം കാലതാമസം നേരിടുന്നുണ്ട്. പഴയ തെളിവുകൾ കണ്ടെത്തുകയെന്നതും, സാക്ഷിമൊഴികൾ കൃത്യമായി കൂട്ടിയോജിപ്പിക്കുകയെന്നതും സങ്കീർമമായ പ്രക്രിയയാണ്. 17 വർഷത്തിനിടെ നടന്ന കൊലപാതകങ്ങളുടെ കൃത്യമായ തെളിവുകൾ സമാഹരിക്കുകയെന്നത് സമുദ്രത്തിൽ തെരയുന്നതിന് തുല്യമാണെന്ന് അന്വേഷണസംഘം പറയുന്നു.
സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റംതെളിയിക്കാന്‍ കഴിയില്ല. അതിനാല്‍ ശാസ്ത്രീയ തെളിവുകളും മൊഴികളും നിര്‍ണായകമാണ്. പ്രതികള്‍ക്കു പുറമേ ആരുടെയെല്ലാം മൊഴികള്‍ രേഖപ്പെടുത്തണമെന്നത് തന്നെ നിര്‍ണായകമാണ്. റോയ്തോമസ് കേസില്‍ 20 ഓളം പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ മറ്റാരുടേയെങ്കിലും വിട്ടുപോയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. രേഖപ്പെടുത്തിയ മൊഴികളെല്ലാം വിശദമായി പഠിച്ച ശേഷമേ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താനാവൂ.
കൂടാതെ കോള്‍ ഡീറ്റെയില്‍ റിപ്പോര്‍ട്ട് (സിഡിആര്‍), ഇവ കോടതിയില്‍ വിശദീകരിക്കാന്‍ മൊബൈല്‍ കമ്പനി സര്‍വീസ് പ്രൊവൈര്ഡമാരുടെ മൊഴികള്‍ എന്നിവയും ആവശ്യമാണ്. ഇത് ശേഖരിക്കുന്നതിനും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുന്നതിനും മാസങ്ങളോളം വേണ്ടിവരും. ഈ സാഹചര്യം നിലനില്‍ക്കെയാണ് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുക സങ്കീര്‍ണമാകുന്നത്.
അതേസമയം അഞ്ചു കൊലപാതക കേസുകള്‍ തന്നെ പ്രതികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളെല്ലാം നിലനില്‍ക്കെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കില്ല. ഓരോ കേസുകളിലും വ്യത്യസ്ത കാലയളവിലാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.
അതിനാല്‍ അവസാന കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് 90 ദിവസം കഴിഞ്ഞ ശേഷമേ ജാമ്യം അനുവദിക്കുകയുള്ളൂവെന്നാണ് വിവരം. ഇതേതുടര്‍ന്ന് ഓരോ കേസിലും അറസ്റ്റ് പരമാവധി വൈകി രേഖപ്പെടുത്തുകയെന്ന തന്ത്രമാവും പോലീസ് സ്വീകരിക്കുക.