കോഴിക്കോട്: എൻഐടിയിലെ വ്യാജതിരിച്ചറിയൽ കാർഡും സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്തും നിർമിച്ച ജോളി താമരശേരി രൂപത മുൻ വികാരി ജനറാളിന്റെ വ്യാജ കത്തും നിർമിച്ചു. ഭർത്താവ് റോയിയെയും ഷാജുവിന്റെ ഭാര്യ സിലിയേയും മകളേയും കൊലപ്പെടുത്തി അധികം വൈകാതെ ഷാജുവിനെ പുനർവിവാഹം ചെയ്തതോടെ കൂടത്തായി ഇടവകയിൽനിന്ന് ജോളിയുടെ പേര് ഒഴിവാക്കിയിരുന്നു. ഷാജുവിന്റെ ഇടവകയായ കോടഞ്ചേരിയിൽ ജോളിയെ പുതിയ അംഗമായി ഉൾപ്പെടുത്തുകയും ചെയ്തു.
എന്നാൽ കൂടത്തായി ഇടവകയിൽ നിലനിന്ന് ഭർതൃപിതാവ് ടോം തോമസിന്റെ പേരിലുള്ള കൂടത്തായിയിലെ നാൽപത് സെന്റോളം ഭൂമിയും മാളികവീടും തട്ടിയെടുക്കുകയായിരുന്നു ജോളിയുടെ ലക്ഷ്യം. രണ്ടാം ഭർത്താവായ ഷാജുവിന്റെ വീട് സ്ഥിതിചെയ്യുന്ന കോടഞ്ചേരി ഇടവകയിൽ താമസിച്ചാൽ ലക്ഷ്യം നടപ്പാകില്ലെന്നു മനസിലാക്കിയ ജോളി കൂടത്തായിയിലെ ആദ്യഭർത്താവ് റോയ് തോമസിന്റെ വീട്ടിലേക്ക് താമസം മാറ്റി.
റോയിയുമായുള്ള ബന്ധത്തിലുണ്ടായ രണ്ട് ആൺമക്കളെ പോറ്റാനെന്ന ഭാവേനയാണ് യാതൊരു അവകാശവുമില്ലാത്ത കൂടത്തായിയിലെ വീട്ടിൽ ജോളി താമസമാക്കിയത്. രണ്ടാമത് വിവാഹിതയായിട്ടും ആദ്യഭർത്താവ് റോയിയോടുള്ള “സ്നേഹം മൂലം’ മക്കളെ പരിപാലിക്കാൻ കൂടത്തായിയിലെ വീട്ടിൽ തിരിച്ചെത്തിയ ജോളിയുടെ മഹാമനസ്കതയെ ബന്ധുക്കളിൽ ചിലരും നാട്ടുകാരും അഭിനന്ദിക്കുകയും ചെയ്തു.
കൂടത്തായിയിൽ താമസിച്ചാലും രൂപത നിയമമനുസരിച്ച് പുതിയ ഭർത്താവിന്റെ ഇടവകയിലേ ജോളിക്ക് അംഗമാകാനാകു. ഇതിനായാണ് അന്നത്തെ താമരശേരി വികാരി ജനറാളിന്റെ വ്യാജ ലറ്റർപാഡിൽ കത്ത് നിർമിച്ചത്. കൂടത്തായി ഇടവകയുടെ പുതിയ ഡയരക്ടറി പുറത്തിറക്കുന്ന സമയമായിരുന്നു അപ്പോൾ. പ്രത്യേകസാഹചര്യം കണക്കിലെടുത്ത് ജോളിയെ കൂടത്തായി ഇടവകയിൽ അംഗമാക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു വ്യാജ കത്തിലെ ഉള്ളടക്കം. കത്തിൽ ഒപ്പ് ഇല്ലാത്തതും കൈയക്ഷരത്തിലെ വ്യത്യാസവും വികാരിയിൽ സംശയം ജനിപ്പിച്ചു.
ജോളിയെകുറിച്ച് മുൻപേ ചില സംശയങ്ങളുണ്ടായിരുന്ന കൂടത്തായി ഇടവക വികാരി പിന്നീട് വികാരി ജനറാളിനെ കണ്ടപ്പോൾ കത്തിനെക്കുറിച്ച് അന്വേഷിച്ചു. ഇതോടെയാണ് കത്ത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.അതിനാൽ കൂടത്തായി ഇടവകയിൽ നിലനിൽക്കാമെന്ന ജോളിയുടെ മോഹം പൊലിഞ്ഞു. ടോം തോമസിന്റെ പേരിലുണ്ടായിരുന്ന രണ്ടുകോടിയോളം വിലവരുന്ന സ്വത്ത് തട്ടിയെടുക്കുന്നതിന് ഇതിനിടെ വ്യാജ ഒസ്യത്ത് നിർമിക്കുകയും ചെയ്തു.