കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് അറസ്റ്റില്‍. സിപിഎം കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന കെ..മനോജിനെയാണ് വടകര ക്രൈംബ്രാഞ്ച് ഡിവൈഎസപി ആര്. ഹരിദാസന് അറസ്റ്റ് ചെയ്തത്.
ഇതോടെ കൂടത്തായി കേസില്‍ അറസ്റ്റിലായവര്‍ നാലായി. ജോളിയെ കൂടാതെ മഞ്ചാടിയില്‍ മാത്യു, പ്രജികുമാര്‍ എന്നിവരാണ് മറ്റു പ്രതികള്‍. കേസിലെ മുഖ്യപ്രതി തയാറാക്കിയ വ്യാജ ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിട്ടത് കെ. മനോജായിരുന്നു. വ്യാജരേഖയാണെന്നറിഞ്ഞിട്ടും ഒപ്പിട്ടുവെന്നതാണ് മനോജിനെതിരേയുള്ള കുറ്റം. എൻഐടിയിൽ സെക്യൂരിറ്റി ജീവനക്കാരനായ മാവൂർ ചൂലൂർ പൂളക്കോട് സ്വദേശി മഹേഷ് കമാറിന്റെ പേരെഴുതി ഒസ്യത്തിൽ രണ്ടാം സാക്ഷിയായി ഒപ്പിട്ടതും മനോജാണെന്ന് കണ്ടെത്തിയിരുന്നു’.
വ്യാജരേഖ ചമച്ചതിനു പുറമെ മറ്റൊരാളുടെ വ്യാജ ഒപ്പിട്ടതിനും ഇയാൾക്കെതിരെ കേസുണ്ട്.മനോജ് തെറ്റ് ചെയ്തെന്ന് പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സിപിഎം നേരത്തെ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇന്നലെ രാവിലെ മുതല്‍ മനോജിനെ പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്തുവരികയായിരുന്നു. വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പൊന്നാമറ്റം ടോംതോമസ് മരിച്ചതിന് ശേഷം ജോളി വ്യാജമായുണ്ടാക്കിയ ഒസ്യത്തിലാണ് മനോജ് ഒന്നാം സാക്ഷിയായി ഒപ്പിട്ടത്. അതേസമയം വ്യാജ ഒസ്യത്ത് തയാറാക്കാന്‍ സഹായിച്ച മുസ്ലിംലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചിമോയിയെയും കേസില്‍ പ്രതിയാക്കാനാണ് തീരുമാനം. പൊന്നാമറ്റം ടോംതോമസിന്റെ ഭൂമിയും വസ്തുവകകളുമാണ് ജോളി സ്വന്തംപേരിലേക്ക് മാറ്റിയത്.
ഇത് സംബന്ധിച്ച് ടോംതോമസിന്റെ വിദേശത്തുള്ള മകന് റോജോയ്ക്ക് സംശയം തോന്നിയതോടെയാണ് വ്യാജ ഒസ്യത്താണെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പേ തന്നെ ജോളി സ്വത്തുക്കള്‍ തിരിച്ചു നല്‍കുകയായിരുന്നു. പകരമായി റോയ് തോമസിന്റെ മരണത്തിൽ സംശയംപ്രകടിപ്പിച്ച് സഹോദരൻ റോജോ നൽകിയ പരാതി പിൻവലിക്കണമെന്ന് ജോളി നിരന്തരം ആവശ്യപ്പെട്ടെങ്കിലും നടന്നില്ല.
സ്വത്തുവകകള്‍ ജോളിയുടെ പേരിലേക്ക് മാറ്റി നികുതി സ്വീകരിച്ചതും പോക്കുവരവ് നടത്തിയതിലും ഉദ്യോഗസ്ഥര്‍ക്കും വീഴ്ചയുള്ളതായി റവന്യൂവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മനോജിനും മഹേഷ്കുമാറിനും ഇമ്പിച്ചമോയിക്കും പുറമേ വ്യാജ ഒസ്യത്ത് തയാറാക്കുന്നതില്‍ റവന്യൂ അധികൃതര്‍ക്കും പങ്കുണ്ട്. റവന്യൂവകപ്പ് മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഇവരേയും കേസില്‍ പ്രതികളാക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചത്. റവന്യൂവകുപ്പ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ജോളിയുടെ സുഹൃത്തായ തഹസില്‍ദാര്‍ ജയശ്രീ വാര്യര്‍ , ജോളി സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കാലഘട്ടത്തിലെ ഓമശേരി പഞ്ചായത്ത് സെക്രട്ടറി, കൂടത്തായി വില്ലേജ് ഓഫീസറായിരുന്ന മധുസൂദനന് നായര്‍, കിഷോര്‍ഖാന്‍, ഇപ്പോഴത്തെ കൂടത്തായി വില്ലേജ് ഓഫീസര്‍ ഷിജു, തിരുവമ്പാടി വില്ലേജ് ഓഫീസര്‍ സുലൈമാന്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.അന്നമ്മയേയും റോയ്തോമസിനെയും കൊലപ്പെടുത്തിയത് മറ്റുകാരണങ്ങളാലും ടോംതോമസിനെ കൊന്നത് സ്വത്തുക്കള്‍ കൈക്കലാക്കാനാണെന്നുമാണ് ജോളി മൊഴി നല്‍കിയത്.
ഈ ഉദ്യേശ്യത്തോടു കൂടിയാണ് വ്യാജരേഖകള്‍ തയാറാക്കിയത്. മൂന്നുപേരെ കൊലപ്പെടുത്തി സ്വത്തുക്കള്‍ കൈക്കലാക്കുന്നതിന് സഹായം ചെയ്തവരെ പ്രതിയാക്കിയാല്‍ മാത്രമേ കൊലപാതകത്തിനുള്ള കാരണം കോടതിയില്‍ ബോധ്യപ്പെടുത്താനാവൂ. അതിനാലാണ് വ്യാജ ഒസ്യത്ത് തയാറാക്കിയവരേയും പോലീസ് കൂടത്തായി കേസില്‍ പ്രതിചേര്‍ക്കുന്നത്. അതേസമയം മനോജും ജോളിയും തമ്മില്‍ സുഹൃത്തുക്കളാണെന്നും അന്വേഷണസംഘത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ജോളിയുടെ ഒരു വര്‍ഷത്തെ മൊബൈല്‍ ഫോണിലെ കോള്ഡീറ്റൈയില്സ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് ആദ്യഘട്ടത്തില്‍ പരിശോധിച്ചിരുന്നു. മനോജുമായി ഫോണില്‍ ജോളി ബന്ധപ്പെട്ടിരുന്നതായുള്ള വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.ഇവർതമ്മിലുള്ള സാന്പത്തിക ഇടപാടുകളെക്കുറിച്ചും പോലീസ് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.