കോഴിക്കോട് : കൂടത്തായി കൊലപാതകപരമ്പരയിലെ നാലാമത്തെ കൊലപാതകമായ മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ പ്രത്യേക അന്വേഷണസംഘം താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ജോളി ഉള്‍പ്പെടെ മൂന്നുപേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. 146 രേഖകള്‍ ഉള്‍പ്പെടെ 2016 പേജുള്ള കുറ്റപത്രമാണ് കൊയിലാണ്ടി ഇന്‍സ്പക്ടര്‍ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സമര്‍പ്പിച്ചത്.
178 സാക്ഷികളെയാണ് കേസിലുള്‍പ്പെടുത്തിയത്. ജോളിയ്ക്ക പുറമേ സയനൈഡ് എത്തിച്ചുനല്‍കിയ ജൂവലറി ജീവനക്കാരന് കക്കാട് കക്കവയല്‍ മഞ്ചാടിയില്‍ എം.എസ്. മാത്യു, സ്വര്ണപ്പണിക്കാരന് താമരശ്ശേരി തച്ചംപൊയിലിലെ മുള്ളമ്പലത്തില്‍ പ്രജികുമാര്‍ എന്നിവരാണ് പ്രതികള്‍ .
കൊലപാതകം, കുറ്റംചെയ്യാന്‍ പ്രേരിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, സംഘംചേര്‍ന്നുള്ള കുറ്റകൃത്യം ചെയ്യല്‍, പോയിസണസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
സയനൈഡ് കലര്‍ത്തി ജോളി നല്കിയ മദ്യം കുടിച്ച് അവശനായ മാത്യു വെള്ളം ചോദിച്ചപ്പോള്‍ ആ വെള്ളത്തിലും സയനൈഡ് കലര്‍ത്തിയെന്നാണ് കേസ്. ഇത് തെളിയിക്കാനാവശ്യമായ സാക്ഷിമൊഴികളും മറ്റ് ശാസ്ത്രീയതെളിവുകളുമുണ്ടെന്ന് റൂറല്‍ എസ്പി കെ.ജി. സൈമണ്‍ പറഞ്ഞു.
ജോളിയുടെ രണ്ട് മക്കളും കേസില്‍ സാക്ഷികളാണ്. ഇവര്‍ മജിസ്ട്രേറ്റിനു മുമ്പാകെ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. മരണകാരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്, മാത്യുവിനെ ചികിത്സിച്ച ആശുപത്രികളിലെ രേഖകള്‍ എന്നിവയും നിര്‍ണായക തെളിവുകളാണ്.
മെഡിക്കല്‍ ബോര്‍ഡിലെ മൂന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 10 ഡോക്ടര്‍മാര്‍ സാക്ഷികളാണ്. ജോളിയുടെ ആദ്യഭര്‍ത്താവ് റോയി തോമസിന്റെ അമ്മാവനായ മാത്യു മഞ്ചാടിയിലിനെ വധിക്കാന്‍ ജോളിയെ പ്രേരിപ്പിച്ചത് മൂന്ന് കാരണങ്ങളാണെന്നാണ് കുറ്റപത്രത്തിലുള്ളത്.
റോയി തോമസ് മരിച്ചപ്പോള്‍ ആ മരണത്തില്‍ ഏറെ സംശയം പ്രകടിപ്പിച്ചത് മാത്യുവാണ്. പലരോടും മരണത്തെക്കുറിച്ച് ഇദ്ദേഹം സംശയം പറഞ്ഞു. ഒരു കാരണവശാലും സ്വത്ത് ജോളിക്ക് നല്‍കരുതെന്ന് മാത്യു ചിലരോടൊക്കെ പറഞ്ഞിരുന്നു.
കൂടാതെ റോയിയുടെ മരണശേഷം രണ്ടാംപ്രതി എം.എസ്. മാത്യു ഉള്‍പ്പെടെ പലരും ജോളിയുടെ വീട്ടില്‍ ഇടയ്ക്കിടെ വരുന്നത് മാത്യു ചോദ്യം ചെയ്തിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് മാത്യുവിനെ വധിക്കാന്‍ ജോളി തീരുമാനിക്കുന്നത്. 2014 ഫെബ്രുവരി 24-നാണ് മാത്യു മരിക്കുന്നത്.