കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മഞ്ചാടിയില്‍ മാത്യു വധക്കേസില്‍ മുഖ്യപ്രതി പൊന്നാമറ്റം വീട്ടില്‍ റോയിയുടെ ഭാര്യ ജോളി എന്ന ജോളിയമ്മ ജോസഫിനെയും, ആല്ഫൈന് വധക്കേസില്‍ രണ്ടാം പ്രതി കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്.മാത്യു എന്ന ഷാജിയെയും അന്വേഷണസംഘം തിങ്കളാഴ്ച കൊയിലാണ്ടി ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലെയും ഒന്നാം കോടതിയിലെയും മജിസ്ട്രേറ്റുമാര്‍ അവധിയായതിനെത്തുടര്ന്നാണ് നടപടി കൊയിലാണ്ടി കോടതിയിലേക്ക് മാറ്റിയത്. അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് കൊയിലാണ്ടി ഇന്‍സ്പെക്ടര്‍ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജോളിയെ കോടതിയില്‍ ഹാജരാക്കുന്നത്.
മാത്യു കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിക്കാന്‍ ഒമ്പത് ദിവസം ശേഷിക്കുന്നുണ്ടെങ്കിലും അത്യാവശ്യമെങ്കില്‍ മാത്രം ജോളിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയാല്‍ മതിയെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. ജോളിയെയും കൊണ്ട് പൊന്നാമറ്റം, മഞ്ചാടിയില്‍ വീട്, ഓമശേരി ശാന്തി ആശുപത്രി തുടങ്ങിയവിടങ്ങളില്‍ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
അതേസമയം ആല്ഫൈന് വധക്കേസില്‍ അറസ്റ്റിലായ എം.എസ്.മാത്യുവിനെ ഇന്ന് തന്നെ റിമാന്‍ഡ് റിപ്പോര്‍ട്ടും കസ്റ്റഡി അപേക്ഷയും സമര്‍പ്പിച്ച് പോലീസ് കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അഞ്ചുകേസുകളില്‍ പ്രതിയായ മാത്യുവിനെ നേരത്തെ റോയ് തോമസ് വധക്കേസിലും സിലി വധക്കേസിലും അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.
പ്രജികുമാറില്‍ നിന്നും സംഘടിപ്പിച്ച സയനൈഡ് ജോളിക്ക് എത്തിച്ചുനല്‍കിയത് ജൂവലറി ജീവനക്കാരനും റോയിയുടെ അമ്മാവന്‍െ മകനുമായ മാത്യുവാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സിലി വധക്കേസില്‍ മാത്യുവിന്റെ റിമാന്‍ഡ് കാലാവധി ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്. 2014 ഏപ്രില്‍ 24 ന് രാവിലെ പത്തു മണിയ്ക്കാണ് ടോം തോമസിന്റെ ഭാര്യാസഹോദരനായ മാത്യു കൊല്ലപ്പെട്ടത്.
റോയ് തോമസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്്മോര്‍ട്ടം ചെയ്യിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്ന മാത്യുവിനെ ജോളി ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്.