താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയില്‍, സിലി വധക്കേസുകളില്‍ മുഖ്യപ്രതി ജോളിയമ്മ ജോസഫ് എന്ന ജോളി(47)യുടെയും രണ്ടാം പ്രതി കാക്കവയല്‍ മഞ്ചാടിയില്‍ എം.എസ്.മാത്യു എന്ന ഷാജി(44)യുടെയും റിമാന്‍ഡ് കാലാവധി നീട്ടി.
മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ച ഇരുവരെയും അന്വേഷണസംഘം തിങ്കളാഴ്ച രാവിലെ പതിനൊന്നിന് താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. മജിസ്ട്രേറ്റ് എം.അബ്ദുള്‍റഹീം ഇവരെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടു.
പിന്നീട് സിലി വധക്കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ച ജോളിയെയും എം.എസ്. മാത്യുവിനെയും താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്)യില്‍ അന്വേഷണസംഘം ഹാജരാക്കി. ഡിസംബര്‍ 16-വരെ മജിസ്ട്രേറ്റ് ഇരുവരെയും റിമാന്‍ഡ് ചെയ്തു.
പ്രജികുമാറിന്റെ പ്രൊഡക്ഷന്‍ വാറണ്ടിന് അനുമതി
താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ പൊന്നാമറ്റം ടോം തോമസ് വധക്കേസില്‍ മൂന്നാം പ്രതി പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ പ്രജികുമാറി(48)നെ ഹാജരാക്കാനുള്ള പ്രൊഡക്ഷന്‍ വാറണ്ടിന് താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി അനുമതി നല്കി. കുറ്റ്യാടി സിഐ എന്‍ .സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രജികുമാറിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. സിലി വധക്കേസില്‍ പ്രജികുമാറിന്റെ റിമാന്‍ഡ് കാലാവധി ബുധനാഴ്ചയാണ് അവസാനിക്കുന്നത്.