കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ റോയ് തോമസ് ഒഴികെയുള്ള അഞ്ചുപേരുടേയും മരണം വിഷം ഉള്ളിൽ ചെന്നുള്ള കൊലപാതകമാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിന് മെഡിക്കൽ ബോർഡ് ചേർന്നു. വിഷവസ്തു കഴിച്ചാലുണ്ടായേക്കാവുന്ന ലക്ഷണങ്ങളോടെയാണ് അഞ്ചു പേരും മരിച്ചതെന്നാണ് ബോർഡിന്റെ കണ്ടെത്തൽ. ഇത് സയനൈഡും ആവാമെന്നാണ് മെഡിക്കൽ ബോർഡിന്റെ അഭിപ്രായം.
മെഡിക്കൽ കോളജ് ഇഎംആർ ഓഡിറ്റോറിയത്തിൽ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ മെഡിക്കൽ കോളജിലെ ന്യൂറോ സർജൻ ഡോ. ജയിംസ് ജോസ്, ഫോറൻസിക് സർജൻ സുജിത് ശ്രീനിവാസൻ, ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരായ മുഹമ്മദ് ഷാൻ, ഷിജി എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർണായക വിവരം നൽകിയത്.
അന്നമ്മ, ടോം തോമസ്, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ, സിലി എന്നിവരുടെ മരണം കൊലപാതമാണെന്ന് തെളിഞ്ഞെങ്കിലും പ്രതി ജോളിയുടെ സമർത്ഥമായ നീക്കം മൂലം ഒന്നിലും പോസ്റ്റ്മോർട്ടം നടന്നിട്ടില്ല. എന്നാൽ ഓരോരുത്തരുടെയും മരണം നേരിൽ കണ്ട സാക്ഷികളുണ്ട്. ഇവരുടെ മൊഴി നേരത്തെ പോലീസ് രേഖപ്പെടുത്തിയിരുന്നു.
മരണസമയത്ത് ഓരോരുത്തരും വിവിധ ചേഷ്ടകൾ കാണിച്ചതായും, വായിൽനിന്നും മൂക്കിൽ നിന്നും നുരയും പതയും വന്നതായും ചിലർ നിലത്ത് വീണുരുണ്ട് നിലവിളിച്ചതായും മറ്റുമാണ് ദൃക്സാക്ഷികളുടെ മൊഴി. ചേഷ്ടകളടക്കം അവർ കാണിച്ച മരണവെപ്രാളം സയനൈഡോ മറ്റു വിഷവസ്തുക്കളോ കഴിച്ചാലുണ്ടാവുന്ന ലക്ഷണങ്ങളാണെന്നാണ് കണ്ടെത്തൽ.
പോസ്റ്റ്മോർട്ടം നടക്കാത്ത കേസുകളിൽ മെഡിക്കൽ ബോർഡിന്റെ നിഗമനങ്ങളും റിപ്പോർട്ടും കോടതി തെളിവായി സ്വീകരിക്കാറുണ്ട്. ആറു പേരിൽ റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ശരീരത്തിൽ സയനൈഡിന്റെ അംശം ഉണ്ടെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതടക്കം ആറു കൊലപാതകങ്ങളും താൻ നടത്തിയതാണെന്ന് ജോളി സമ്മതിച്ചതാണെങ്കിലും കോടതിയിൽ തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷൻ ബാധ്യസ്ഥരാണ്. ഇല്ലെങ്കിൽ കേസ് വിട്ടു പോകും.
ആറുപേരുടെ മരണസമയത്തും ജോളിയുടെ സാന്നിധ്യം ഉണ്ടായതിനും ദൃക്സാക്ഷികളുണ്ട്. അന്നമ്മയെ പട്ടിയെ കൊല്ലാൻ ഉപയോഗിക്കുന്ന ഡോഗ്കിൽ എന്ന വിഷം ഉപയോഗിച്ചും മറ്റ് അഞ്ചുപേരേയും സയനൈഡ് ഉപയോഗിച്ചുമാണ കൊലപ്പെടുത്തിയതെന്ന ജോളിയുടെ മൊഴി വീഡിയോവിൽ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും കേസിന്റെ ബലത്തിന് ശാസ്ത്രീയ തെളിവുകൾ അനിവാര്യമായതിനാലാണ് മെഡിക്കൽ ബോർഡ് ചേർന്നത്.
കഴിഞ്ഞ ദിവസം ചേർന്ന മെഡിക്കൽ ബോർഡിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർമാർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അവർക്ക് ആധികാരികമായി സ്ഥിരീകരണം നൽകാൻ കഴിയാത്തതിനാലാണ് വിദഗ്ധരെ ഉൾപ്പെടുത്തി ഇന്നലെ വീണ്ടും ബോർഡ് ചേർന്നത്. ആറ് കൊലപാതക കേസുകളിലെയും അന്വേഷണസംഘം യോഗത്തിൽ പങ്കെടുത്തു.