ടി.പി.സന്തോഷ്കുമാർ
പ്രേക്ഷകപ്രീതീ നേടിയ ചങ്ക്സ് സിനിമയിൽ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു കോളജ് അധ്യാപികയായ ജോളി മിസ്.
കോളജിലെ ചങ്ക് പിള്ളേരായ ബാലു വർഗീസിന്റെയും ധർമജന്റെയും കൂട്ടുകാരുടെയും ആരാധനാ പാത്രമായ ജോളി മിസിനെ അവതരിപ്പിച്ച രമ്യ പണിക്കർ പുതിയ സിനിമയിൽ നായികയാകുന്നതിന്റെ ത്രില്ലിലാണ്.
സാന്റോ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചോരൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃപ്രയാറിൽ പൂർത്തിയാകാറായി.
ഇതിനു പുറമെ രമ്യ നായികയാകുന്ന മൂന്നു ചിത്രങ്ങൾ കൂടി ഉടൻ ചിത്രീകരണം ആരംഭിക്കും. തമിഴിൽ നിന്നുൾപ്പെടെയാണ് താരത്തിനു ക്ഷണമെത്തിയിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ നായകനായ ഒരേ മുഖത്തിലൂടെയാണ് രമ്യ പണിക്കർ സിനിമയിലേക്കെത്തുന്നത്. നൃത്തം പ്രഫഷനായി എടുത്തിട്ടുള്ള രമ്യയുടെ സിനിമയിലേക്കുള്ള കടന്നു വരവ് അപ്രതീക്ഷിതമായിട്ടായിരുന്നു.
പുതിയ മുഖത്തിനു ശേഷം സണ്‍ഡേ ഹോളിഡെയ്സ്, മാസ്റ്റർ പീസ് എന്നി ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും ബ്രേക്കായത് ചങ്ക്സ് ആയിരുന്നു.
നൃത്ത പരിപാടി കണ്ട സംവിധായകൻ ഒമർ ലുലു നേരിട്ട് വിളിച്ച് വേഷം നൽകുകയായിരുന്നു. ഹണിറോസ് നായികയായെത്തിയ സിനിമയിൽ ജോളി മിസിനെയും പ്രേക്ഷകർ നെഞ്ചിലേറ്റി.
പിന്നീട് ഹദിയ, ഇര, മാഫി ഡോണ, ഒരു യമണ്ടൻ പ്രേമകഥ, പൊറിഞ്ചു മറിയം ജോസ്, ഡ്രൈവിംഗ് ലൈസൻസ് എന്നി ചിത്രങ്ങളിലും രമ്യ അഭിനയിച്ചു.
കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ തമിഴ്പതിപ്പിലും വേഷമിട്ടു. ചിത്രീകരണം പൂർത്തിയായ സിനിമ ഉടൻ പുറത്തിറങ്ങും.
പുതിയ സിനിമയായ ചോരനിൽ വലിയ പ്രതീക്ഷയാണ് രമ്യയ്ക്കുള്ളത്. ചങ്ക്സിലെ ജോളി മിസ് സിനിമ മേഖലയിൽ ബ്രേക്ക് ആയെങ്കിലും ചോരനിലെ നായികാ കഥാപാത്രത്തെ വലിയ പ്രതീക്ഷകളോടെയാണ് കാണുന്നതെന്ന് രമ്യ പറഞ്ഞു.
ഒറ്റ രാത്രിയിൽ നടക്കുന്ന ഒരു കഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്.
പ്രവീണ്‍ പ്രാണയാണ് നായകൻ. ഒരു സമകാലിക സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ചോരൻ. നായികാ പ്രാധാന്യമാണ് ചിത്രം. പൂർണമായും രാത്രിയാണ് ചിത്രീകരണം.
ചോരന്റെ ചിത്രീകരണം പൂർത്തിയായാൽ തമിഴിൽ ഉൾപ്പെടെ രമ്യ ഇനി നായികാ പ്രാധാന്യമുള്ള വേഷത്തിലെത്തും. സിനിമ അഭിനയത്തിനിടയിലാണ് നൃത്തവും താരം മുന്നോട്ടു കൊണ്ടു പോകുന്നത്.
വിദേശ രാജ്യങ്ങളിലുൾപ്പെടെ നൃത്ത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കളോടൊപ്പം കൊച്ചി പാടിവട്ടത്താണ് രമ്യ പണിക്കർ താമസിക്കുന്നത്.