കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ എന്‍ഐടി യാത്രകളെ കുറിച്ച് അന്വേഷിക്കുന്നു. എന്‍ഐടി പ്രൊഫസറാണെന്നായിരുന്നു ജോളി എല്ലാവരേയും വിശ്വസിപ്പിച്ചത്. രാവിലെ ജോലിക്കായി ജോളി ദിവസവും പോവുകയും ചെയ്തിരുന്നു. എന്ഐടിയിലേക്കാണെന്നു പറഞ്ഞ് ജോളി എവിടെയാണ് പോയിരുന്നതെന്നും എന്‍ഐടി പരിസരത്ത് ജോളി ദിവസവും എത്തിയത് എന്തിനാണെന്നുമാണ് അന്വേഷിക്കുന്നത്.
ആല്ഫൈന് കേസില്‍ താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച തുടര്‍ കസ്റ്റഡി അപേക്ഷയിലും എന്‍ഐടി ബന്ധത്തെക്കുറിച്ച് അന്വേഷിക്കാനുണ്ടെന്നാണ് പോലീസ് വ്യക്തമാക്കിയത്. ജോളിക്ക് എന്‍ഐടി പരിസരങ്ങളിലും സുഹൃത്തുക്കളുണ്ടായിരുന്നു.ഇവിടെ തയ്യല്‍കട നടത്തുകയായിരുന്ന യുവതിയുമായി ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ജോളിയുടെ ഫോണ്‍ കോള്‍ രേഖകളില്‍ നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട്.
കൂടാതെ ജോളിയുടെ ഫോണില്‍ നിന്ന് ഈ യുവതിയോടൊപ്പമുള്ള ഫോട്ടോകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. കേവലം പ്ലസ് ടു വിദ്യാഭ്യസം മാത്രാണ് ജോളിക്ക് ഉണ്ടായിരുന്നത്. പ്ലസ്ടുവിനുശേഷം ഒരു വനിതാ പാരലല്‍ കോളജില്‍ ജോളി ബികോമിന് ചേര്‍ന്നെങ്കിലും രണ്ടാം വര്‍ഷം പഠനം നിര്‍ത്തി. പഠിച്ച സ്കൂളിലും പാരലല്‍ കോളജിലും പരിശോധന നടത്തിയാണ് ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചത്.
എംകോം ബിരുദധാരിയെന്നാണ് വിവാഹവേളയില്‍ ജോളി പൊന്നാമറ്റം കുടുംബത്തെ അറിയിച്ചിരുന്നത്. പിന്നീട് കോഴിക്കോട് എന്‍ഐടിയിലെ കോമേഴ്സ് വിഭാഗം പ്രഫസറാണെന്ന് അവകാശപ്പെടുകയായിരുന്നു. പ്രഫസറുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കഴുത്തില്‍ ധരിച്ചാണ് ജോളി കൂടത്തായിയിലെ വീട്ടില്‍നിന്ന് എന്നും കാറില്‍ പുറത്തുപോയിരുന്നത്.
ജോളിയുടെ ഫോണ്‍കോളുകളെക്കുറിച്ച് അവരുടെ സാന്നിധ്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ജോളി കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയതായി സംശയിക്കുന്നുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ പോലീസ് വ്യക്തമാക്കി. 2014 മെയ് ഒന്നിന് രാവിലെ ഒമ്പതരയ്ക്കാണ് ഷാജു-സിലി ദമ്പതിമാരുടെ മകള്‍ ആല്‍ഫൈനിനെ കൊലപ്പെടുത്താന്‍ ജോളി സയനൈഡ് കലര്‍ത്തിയ ഭക്ഷണം നല്‍കിയതെന്നും കസ്റ്റഡി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.