സ്വന്തം ലേഖകന്‍
കോഴിക്കോട്:കൂടത്തായി കൊലപാതകപരന്പര കേസില്‍ ഒമ്പതു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ മുഖ്യപ്രതി ജോളിയില്‍ നിന്നും പരമാവധി ‘പിഴിഞ്ഞെടുത്ത്’ പോലീസ്. ഇടയ്ക്ക് നിസഹകരിച്ച് ഉത്തരം തരാതെ പോലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിച്ചുവെങ്കിലും അന്വേഷണത്തിന് സഹായകരമാകുന്നതും മറ്റു കൊലപാതകകേസുകളിലേക്ക് വെളിച്ചം വീശുന്നതുമായ നിരവധി തെളിവുകളാണ് മുഖ്യ പ്രതിയില്‍ നിന്നും പോലീസിന് ലഭിച്ചത്.
തുടര്‍ച്ചയായ ചോദ്യം ചെയ്യലിനും തന്ത്രങ്ങള്‍ക്കും ഒടുവിലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സയനൈഡ് ഉള്‍പ്പെടെ ജോളിക്ക് പോലീസിന് കാണിച്ചുകൊടുകോടുക്കേണ്ടിവന്നത്. ഇതോടൊപ്പം ജോളിയുടെ സ്വദേശമായ കട്ടപ്പനയിലെ ബന്ധുക്കളില്‍ നിന്നും പോലീസിന് നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാൻ കഴിഞ്ഞു. ജോളിയുമായി അടുപ്പമുണ്ടായിരുന്ന ലീഗ് നേതാവിന്റെ വീട്ടിലും ഇയാളുടെ മകന്റെ കടയിലും റെയ്ഡ് നടത്തി ജോളിയുടെ റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള നിര്‍ണായക രേഖകള്‍ കണ്ടെടുക്കാന്‍ പോലീസ് കഴിഞ്ഞു.
റേഷന്‍ കാര്‍ഡില്‍ പോലും അധ്യാപിക എന്ന് രേഖപ്പെടുത്തിയത് ജോളിയുടെ സ്വാഭാവവും അവര്‍ സമൂഹത്തെ കബളിപ്പിച്ചതെങ്ങിനെ എന്നതുമായി ബന്ധപ്പെട്ട് പ്രധാന തെളിവായി. ഇതോടൊപ്പം എന്‍ഐടിക്ക് സമീപം ജോളി സ്ഥിരമായി പോയ തയ്യല്‍ കടയിലെ ജീവനക്കാരി റാണിയെയും ചോദ്യം ചെയ്യാന്‍ പോലീസിന് കഴിഞ്ഞു. ഇവരില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാനും പോലീസിന് കഴിഞ്ഞു.
ഇത് തുടര്‍ അന്വേഷണത്തിന് സഹായകരമാകുമെന്നാണ് പ്രതീക്ഷ. ജോളിയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരം ഷാജുവിനെ മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്തിരുന്നു. ഷാജുവിനെതിരെ ജോളിയും മറ്റും ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തി. കഴിഞ്ഞ ദിവസം റോജോയുടേയും സഹോദരി റഞ്ചിയുടേയും ജോളിയുടെ മക്കളുടേയും മൊഴിയെടുത്തു.
നിലവില്‍ ആദ്യഭര്‍ത്താവ് റോയ് തോമസ് കൊല്ലപ്പെട്ട കേസില്‍ മാത്രമാണ് ജോളിയെ അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ഈ കേസില്‍ കസ്റ്റഡി കാലാവധി അവസാനിരിക്കേ തന്നെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യസിലി സെബാസ്റ്റ്യനെ (43) കൊലപ്പെടുത്തിയ കേസിലും ഇവരെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞു.
കൊലപാതക പരമ്പരകളില്‍ തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലുകള്‍ ജോളിയെ മാനസികമായി തളര്‍ത്തുമെന്നും മറ്റ് കേസുകളുമായി ബന്ധപ്പെട്ട ദുരൂഹതകളിലേക്ക് ഇത് വെളിച്ചം വീശുമെന്നുമാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്.