കോഴിക്കോട്: പിടിക്കപ്പെട്ടാൽ സയനൈഡ് കഴിച്ചു ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നെന്നു ജോളിയുടെ വെളിപ്പെടുത്തൽ. അന്വേഷണ സംഘത്തിനാണ് ജോളി ഇത്തരത്തിൽ മൊഴി നൽകിയത്.
ദുരൂഹമാരണങ്ങൾ നടന്ന പൊന്നാമറ്റം വീട്ടിൽ പോലീസ് നടത്തിയ തെരച്ചിലിൽ സയനൈഡ് എന്നു സംശയിക്കുന്ന വസ്തു കണ്ടെത്തിയിരുന്നു. അടുക്കളയിൽ പഴയ പാത്രങ്ങൾക്കിടയിൽ കുപ്പിയിലാക്കി തുണിയിൽ പൊതിഞ്ഞ നിലയിലാണു സയനൈഡ് കണ്ടെത്തിയത്. ജോളി തന്നെയാണ് അന്വേഷണ സംഘത്തിന് എടുത്തു നൽകിയത്. ചൊവ്വാഴ്ച വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും.
ജോളിയുടെ ഭർത്താവ് ഷാജു, ഇയാളുടെ പിതാവ് സക്കറിയാസ് എന്നിവരെ തിങ്കളാഴ്ച ഒരുമിച്ചിരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ആ സമയം ജോളിയിൽനിന്നു ലഭിച്ച വളരെ നിർണായകമായ വിവരത്തെ കുറിച്ച് ഉടനടി പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. ഹരിദാസിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം കൂടത്തായിയിലെത്തി. അന്നമ്മ, ടോം തോമസ്, റോയ് തോമസ്, മഞ്ചാടി മാത്യു എന്നിവരെ കൊന്നത് എങ്ങനെയെന്ന് ജോളി ചോദ്യം ചെയ്യലിൽ വിശദീകരിച്ചിരുന്നു. ഫോറൻസിക് സംഘത്തിന്റെ സാന്നിധ്യത്തിൽ ജോളി പൊന്നാമറ്റം വീട്ടിലും ഇതു പുനരാവിഷ്കരിച്ചു.