കോഴിക്കോട്: കൂടത്തായി പൊന്നാമറ്റത്തിൽ ടോം തോമസ് എന്ന റിട്ട. വിദ്യാഭ്യാസ വകുപ്പ് ഓഫീസറുടെ സ്വത്ത് തട്ടിയെടുക്കാൻ മകൻ റോയിയും ഭാര്യ ജോളിയും ചേർന്ന് തയാറാക്കിയത് രണ്ട് വ്യാജ ഒസ്യത്തുകൾ. 2008 ൽ ടോം മരിക്കുന്നതിന് മുൻപും ശേഷവുമായി ചമച്ച രണ്ട് ഒസ്യത്തുകളിലും അദ്ദേഹത്തിന്റെ ചിത്രവും വ്യാജ ഒപ്പും ചേർത്തിട്ടുണ്ട്.
ഒപ്പ് വ്യാജമാണെന്ന് കഴിഞ്ഞ ദിവസം നടന്ന വിദഗ്ധപരിശോധനയിൽ സ്ഥിരീകരിച്ചു. ടോം മരിച്ചതിനുശേഷം തയാറാക്കിയ രണ്ടാമത്തെ ഒസ്യത്ത് സത്യമാണെന്ന് രേഖപ്പെടുത്തിയ കോഴിക്കോട് പൊറ്റമ്മൽ സ്വദേശിയായ നോട്ടറിയും കട്ടാങ്ങൽ സ്വദേശികളായ രണ്ട് സാക്ഷികളും കുടുങ്ങും.
2008 ൽ ടോം തോമസിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഇളയ മക്കളായ റോജോയും റെഞ്ചിയും പിതാവിന്റെ മുറിയിൽ ഇരിക്കുമ്പോഴാണ് ജോളി ആദ്യ ഒസ്യത്തുമായി വന്നത്. തന്നെ നോക്കി സംരക്ഷിച്ചു വന്ന മൂത്തമകൻ റോയിക്കും ഭാര്യയും അധ്യാപികയുമായ ജോളിക്കും മാത്രമായി തന്റെ പേരിലുള്ള 38.75 സെന്റ് സ്ഥലവും കുഴിക്കൂറ് ചമയങ്ങളും ഒസ്യത്ത് ചെയ്യുന്നതായി പറയുന്ന രേഖയിൽ ടോമിന്റെ ഫോട്ടോയുടെ അടുത്ത് ഒപ്പു വച്ചിരുന്നു.
സാക്ഷികൾ ഇല്ലാത്തതിനാലും നോട്ടറി അറ്റസ്റ്റ് ചെയ്യാത്തതിനാലും സംശയം തോന്നിയ റെഞ്ചി ഇതിന് യാതൊരു നിയമസാധുതയുമില്ലെന്ന് അപ്പോൾ തന്നെ പറഞ്ഞിരുന്നു. സംസ്കാരം നടന്ന് ദിവസങ്ങൾക്കകം റോജോയും റെഞ്ചിയും വിദേശത്തേക്ക് മടങ്ങുകയും ചെയ്തു. ഇതിനു ശേഷമാണ് നോട്ടറി അറ്റസ്റ്റ് ചെയ്ത രണ്ടാമത്തെ ഒസ്യത്ത് വ്യാജമായി ചമച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
റോയിയെ 2011 ൽ കൊലപ്പെടുത്തിയ ശേഷം ഈ ഒസ്യത്ത് ഉപയോഗിച്ച് സ്ഥലവും വീടും ജോളിയുടെ പേരിലാക്കി. വ്യാജ ഒസ്യത്ത് തയാറാക്കാൻ ജോളിയെ സഹായിച്ച തഹസിൽദാർ ജയശ്രീയുടെ ഇടപെടൽ മൂലമാണ് നോട്ടറി ആളെ കാണാതെതന്നെ ഒസ്യത്ത് അറ്റസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. രണ്ടാമത്തെ ഒസ്യത്തിന്റെ കോപ്പി ലഭിക്കാത്തതിനാൽ റോജോ വിവരാവകാശ നിയമപ്രകാരമാണ് അതിന്റെ കോപ്പി സംഘടിപ്പിച്ചത്. വ്യാജരേഖ ചമയ്ക്കാൻ കൂട്ടുനിന്ന നോട്ടറിയായ അഭിഭാഷകനെതിരെയും കേസെടുക്കും.