കോഴിക്കോട്: കൂടത്തായ് പൊന്നാമറ്റം റോയ് തോമസിന്റെ ദുരൂഹമരണത്തിൽ രഹസ്യാന്വേഷണം നടത്തി ആറ് കൊലപാതകങ്ങളുടെ ചുരുളഴിച്ച പത്തംഗ പോലീസ് സംഘത്തിന് ഡിജിപിയുടെ പ്രത്യേക റിവാർഡ്.
പൊതുജനമോ മാധ്യമങ്ങളോ അറിയാതെ രണ്ടു മാസക്കാലം രഹസ്യാന്വേഷണം നടത്തിയ കോഴിക്കോട് റൂറൽ എസ്പി കെ.ജി. സൈമൺ, എഎസ്പി ടി.കെ. സുബ്രഹ്മണ്യൻ, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. ഹരിദാസ്, ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജീവൻ ജോർജ്, എഎസ്ഐമാരായ പത്മകമാർ, രവി, യൂസഫ്, സൈബർസെൽ എഎസ്ഐ പി.കെ. സത്യൻ, കൺട്രോൾ റൂം എഎസ്ഐ മോഹനകൃഷ്ണൻ, പയ്യോളി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എം.പി. ശ്യാം എന്നിവർക്കാണ് റിവാർഡ് പ്രഖ്യാപിച്ചത്.
തേഞ്ഞുമാഞ്ഞു പോകുമായിരുന്ന റോയ് വധക്കേസിന്റെ തുമ്പുപിടിച്ച് രഹസ്യാന്വേഷണം നടത്തി മറ്റ് അഞ്ച് കൊലകേസുകൾ തെളിയിക്കുകയും മുഴുവൻ കേസുകളിലേയും മുഖ്യപ്രതിയായ ജോളിയെ അറസ്റ്റ് ചെയ്തതും ഈ ടീമിന്റെ മികവാണെന്ന് നവംബർ അഞ്ചിന് ഇറക്കിയ ഉത്തരവിൽ ഡിജിപി എടുത്തു പറഞ്ഞിട്ടുണ്ട്. സംഘതലവനായ കെ.ജി. സൈമണ്‍ കമൻഡേഷൻ സർട്ടിഫിക്കറ്റും, മറ്റുള്ളവർക്ക് മെറിട്ടോറിയസ് സർവീസ് എൻട്രിയുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.