കോഴിക്കോട്: തലഉയര്‍ത്തി നാട്ടുകാര്‍ക്കിടയില്‍ എന്‍ഐടി പ്രഫസറായി ജീവിച്ചിരുന്ന ജോളി പൊന്നാമറ്റം വീട്ടില്‍ വീണ്ടും തിരിച്ചെത്തിയത് ‘കൊടുംകുറ്റവാളി’യായി. “രാജ്ഞി’യായി വാണിരുന്ന വീട്ടിലേക്ക് പോലീസുകാര്‍ കൈപിടിച്ചായിരുന്നു ജോളിയെ കയറ്റിയത്.
1997ൽ മരുമകളായി പൊന്നാമറ്റം വീട്ടിലേക്ക് കടന്നുവന്ന ജോളിയെ ഭർതൃമാതാവ് അന്നമ്മടീച്ചർ നിലവിളക്ക് കൊളുത്തി കൈപിടിച്ച് എതിരേറ്റ രംഗം നാട്ടുകാർക്ക് ഓർമ്മവന്നു. ജോളിയുമായുള്ള പോലീസ് വാഹനം പൊന്നാമറ്റത്തെത്തിയപ്പോഴേക്കും കൂക്കുവിളിയും അസഭ്യവര്‍ഷവുമായി അവിടെ കൂടിനിന്നിരുന്ന വൻ പുരുഷാരം പ്രതിഷേധമറിയിച്ചു. പോലീസ് കസ്റ്റഡിയിലുള്ള കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയെ ഇന്നലെ രാവിലെ പത്തരയോടെയാണ് പൊന്നാമറ്റം വീട്ടില്‍ തെളിവെടുപ്പിനായി എത്തിച്ചത്.
വടകര പോലീസ് സ്റ്റേഷനില്‍ അന്തിയുറങ്ങിയ ജോളി അതിരാവിലെ തന്നെ എഴുന്നേറ്റിരുന്നു. പ്രഭാതകര്‍മങ്ങള്‍ക്ക് ശേഷം പോലീസുകാര്‍ വാങ്ങി നല്കിയ ചുരിദാര്‍ ധരിച്ചു. രാവിലെ 8.30 ഓടെയാണ് ജോളിയെ എസ്പി ഓഫീസിലെത്തിച്ചത്. അവിടെ നിന്ന് ഒന്‍പതോടെ കൂടത്തായിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കനത്ത സുരക്ഷയാണ് ജോളിയുടെ തെളിവെടുപ്പിന് മുന്നോടിയായി ഒരുക്കിയിരിക്കുന്നത്. ജോളി വടകര പോലീസ് സ്റ്റേഷനിലുണ്ടെന്നറിഞ്ഞ് ആളുകള്‍ സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയിരുന്നു.
സിഐ പി.എം. മനോജിന്റെ നേതൃത്വത്തിലായിരുന്നു ഇവിടെ നിന്ന് എസ്പി ഓഫീസിലേക്ക് എത്തിച്ചത്. ജോളിയുമായി തെളിവെടുപ്പ് നടത്തുന്നതറിഞ്ഞ് അതിരാവിലെ തന്നെ താമരശേരി പോലീസ് സ്റ്റേഷനിലും പൊന്നാമറ്റം വീടിനു മുന്നിലുമായി നൂറുകണക്കിനാളുകള്‍ നിലയുറപ്പിച്ചിരുന്നു. താമരശേരി പോലീസ് സ്റ്റേഷനില്‍ ജോളിയെ എത്തിക്കുമെന്നറിഞ്ഞതോടെയാണ് ജനങ്ങള്‍ ഇവിടെ തടിച്ചു കൂടിയത്.
ജനത്തിരക്കും പ്രതിഷേധമുണ്ടാവാനുള്ള സാധ്യതയും കണക്കിലെടുത്ത് റൂറല്‍ എസ്പി കെ.ജി. സൈമണ്‍ ആവശ്യത്തിന് വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ നടത്താന്‍ താമരശേരി ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് താമരശേരി ഡിവൈഎസ്പി കെ.പി.അബ്ദുള്‍ റസാഖ് പോലീസുകാരുടെ യോഗം ഇന്നലെ രാവിലെ വിളിച്ചു ചേര്‍ക്കുകയും വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുകയുമായിരുന്നു. എആര്‍ ക്യാമ്പില്‍ നിന്നു്ള്ള നൂറോളം പോലീസുകാരേയും ഇതിനു മുന്നോടിയായി പൊന്നാമറ്റം വീട്ടിനു മുന്നില്‍ എത്തിച്ചിരുന്നു.
10 മണിയോടെ എട്ട് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജോളിയെ പൊന്നാമറ്റത്ത് വീട്ടിലേക്ക് കൊണ്ടുവന്നത്. വീടിന്റെ ഗേറ്റിനു മുന്നില്‍ അപ്പോഴേക്കും വന്‍ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു. ഇവരെ നിയന്ത്രിക്കാന്‍ പോലീസ് ഏറെ ബുദ്ധിമുട്ടി. ജനക്കൂട്ടത്തിനിടയിലൂടെ മെല്ലെയാണ് പോലീസ് വാഹനം കടന്നുപോയത്. ആളുകളെ കണ്ടതോടെ ജോളി ഷാളുപയോഗിച്ച് മുഖം മറിച്ചു. ജോളിയുടെ വാഹനം പൊന്നാമറ്റത്തെത്തിച്ചതിനു തൊട്ടുപിന്നാലെ മാത്യുവിനേയും പ്രജുകുമാറിനേയും വന്സുരക്ഷയില് ഇവിടെ എത്തിച്ചു.
മൂന്നുപേരേയും കൊണ്ടുവന്ന വാഹനം വീടിന്റെ കോമ്പൗണ്ടിനുള്ളിലേക്ക് കയറിയതിന് ശേഷം പോലീസ് ഗേറ്റടിച്ചു. നേരത്തെ തീരുമാനിച്ച പോലീസുദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും മാത്രമായിരുന്നു വീട്ടിലേക്ക് കടന്നത്. മറ്റുള്ളവരെല്ലാം പുറത്ത് നിന്നു.
ജോളിയുടെ അറസ്റ്റിന് തൊട്ടുപിന്നാലെ വീട് സീല്‍ചെയ്തിരുന്നു. ഇത് പൊട്ടിച്ചാണ് ജോളിയുമായി അന്വേഷണസംഘം അകത്തുകയറിയത്. മൂന്നു കൊലപാതകങ്ങള്‍ നടന്ന വീട്ടിലേക്ക് കയറിയ ജോളി എല്ലാ കാര്യങ്ങളും പോലീസിന് വിവരിച്ചു കൊടുത്തു. അതേസമയം റോയിയേയോ മറ്റുള്ളവരേയോ കൊല്ലാനുപയോഗിച്ചതായി പറയുന്ന സയനൈഡിനായി വ്യാപകപരിശോധന നടന്നു.
വീടിന്റെ പുറത്ത് പലയിടങ്ങലിലും മണ്ണുകുഴിച്ചും പരിശോധന നടത്തി. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ആവശ്യമായ മറ്റു തെളിവുകളെല്ലാം അവിടെ നിന്ന് ശേഖരിച്ച ശേഷം ഒന്നരയോടെയാണ് മടങ്ങിയത്. പിന്നീട് അയൽവീടായ മഞ്ചാടിയിൽ മാത്യുവിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തി. തുടര്‍ന്നാണ് രണ്ടാം ഭർത്താവ് ഷാജുവിന്റെ പുലിക്കയം പാലത്തിനടുത്ത പൊന്നാമറ്റം വീട്ടിൽ തെളിവെടുപ്പിനെത്തിയത്. റോഡിൽ കൂടിനിന്നിരുന്നവരെ നീക്കിയശേഷമാണ് പോലീസ് സംഘം വീട്ടിലേക്ക് പ്രവേശിച്ചത്.