കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം സമർപിച്ചു. റോയ് തോമസ് വധക്കേസിലാണ് അന്വേഷണം സംഘം കുറ്റപത്രം സമർപ്പിച്ചത്. 8,000 പേജുള്ള കുറ്റപത്രത്തിൽ ജോളി, എം.എസ്.മാത്യു, പ്രജികുമാർ, മനോജ് എന്നിവരെയാണ് പ്രതി ചേർത്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് 322 രേഖകൾ ഹാജരാക്കുമെന്ന് അന്വേഷണം സംഘം കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സയനൈഡ് കൈവശം വച്ചതിനും കേസുണ്ട്. കേസിലാകെ നാല് പ്രതികളും 246 സാക്ഷികളുമാണുള്ളത്. സാക്ഷികളിൽ 26 പേരും ഉദ്യോഗസ്ഥരാണ്. തഹസിൽദാർ ജയശ്രിയും വില്ലേജ് ഉദ്യോഗസ്ഥരും സാക്ഷി പട്ടികയിലുണ്ട്. റൂറൽ എസ്പി കെ.ജി.സൈമൺ ആണ് ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. കേസിൽ മാപ്പ് സാക്ഷികൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കടലക്കറി, വെള്ളം എന്നിവയിലാണ് ജോളി സയനൈഡ് കലർത്തിയത്. രാസ പരിശോധനാ ഫലം ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. വ്യാജ ഒസ്യത്താണ് കേസിൽ നിർണായകമായതെന്നും അന്വേഷണത്തിൽ പൂർണ സംതൃപ്തനാണെന്നും കെ.ജി.സൈമൺ പറഞ്ഞു. ജോളിക്ക് യുജിസി നെറ്റ്, ബികോം, എംകോം എന്നിവയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.