കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട മുഖ്യപ്രതി ജോളി ജോസഫിനെ കോടതിയില്‍ എത്തിച്ചപ്പോള്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി ആരോപണം. ജോളിക്കെതിരേ മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്കിയ വ്യക്തിയോട് സംസാരിക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തതായാണ് പോലീസിനെതിരേ ആരോപണമുയരുന്നത്.
ജോളിയെ കേസില്‍നിന്ന് രക്ഷപ്പെടുത്തുന്നതിനുവേണ്ടി ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കിക്കൊടുത്ത പോലീസിന്റെ നടപടിക്കെതിരേ അന്വേഷണസംഘത്തിനും എതിര്‍പ്പുണ്ട്. ഇന്നലെ താമരശേരി കോടതിയിലാണ് സംഭവം. പി.എച്ച്. ജോസഫ് ഹില്ലാരിയോസ് എന്നയാളാണ് കോടതിയില്‍ വച്ച് ജോളിയുമായി സംസാരിച്ചതെന്നാണ് പറയുന്നത്.
പൊന്നാമറ്റത്ത് റോയ് തോമസ് മരിച്ചതിനെ തുടര്‍ന്ന് ജോസഫായിരുന്നു പോലീസില്‍ 2011ല്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് പോലീസ് ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്മോര്‍ട്ടവും നടത്തിയത്. എന്നാല്‍ കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് കല്ലറ പൊളിക്കാനുള്ള അന്വേഷണസംഘത്തിന്റെ തീരുമാനത്തിന് തൊട്ടുപിന്നാലെ ജോളിക്കു വേണ്ട നിയമസഹായം ഒരുക്കുന്നതിന് ജോസഫ് സഹായം ചെയ്തു നല്‍കിയെന്നാണ് അന്വേഷണസംഘം പറയുന്നത്.
അഭിഭാഷകനെ കാണുന്നതിനും മറ്റും ജോളിക്ക് സൗകര്യമൊരുക്കിയതില്‍ ജോസഫിനും മുസ്ലിം ലീഗ് പ്രാദേശിക നേതാവായിരുന്ന ഇമ്പിച്ചി മോയിക്കും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇത്തരത്തില്‍ കേസുമായി നേരിട്ട് ബന്ധമുള്ളവരുമായി സംസാരിക്കുന്നതിന് ജോളിക്ക് അവസരമൊരുക്കിയത് ഗുരുതര വീഴ്ചയായാണ് അന്വേഷണസംഘം കാണുന്നത്.