കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഷാജുവിന്റെ ആദ്യഭാര്യ കല്ലാനോട് എട്ടിയിൽ കുടുംബാംഗം സിലി വധിക്കപ്പെട്ട കേസിൽ ഇന്ന്ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തും. മറ്റ് കേസുകൾക്കുള്ള കാലപ്പഴക്കവും തെളിവുകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ശേഖരിക്കാനുള്ള സാങ്കേതിക പ്രയാസവും പരിഗണിച്ചാണ് സിലി സെബാസ്റ്റ്യൻ(43) 2016 ജനുവരി 11 ന് കൊലചെയ്യപ്പെട്ട കേസിൽ മുഖ്യപ്രതി ജോളിയുടെ രണ്ടാം അറസ്റ്റ് രേഖപ്പെടുത്തുന്നത്.
സിലി വധക്കേസ് അന്വേഷിക്കുന്ന വടകര തീരദേശപോലീസ് സ്റ്റേഷൻ സിഐ ബി.കെ.സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസിൽ ഔപചാരിക അറസ്റ്റ് രേഖപ്പെടുത്താനുള്ള അപേക്ഷ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിൻ ബേബിയ്ക്ക് കൈമാറി. അറസ്റ്റിനുള്ള അപേക്ഷ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്) മജിസ്ട്രേറ്റ് എം.അബ്ദുൾ റഹീം മുമ്പാകെ ഇന്ന് രാവിലെ സമർപ്പിച്ചു.
തുടർന്ന് അന്വേഷണസംഘം പ്രൊഡക്ഷൻ വാറന്റ് വാങ്ങി പ്രതികളെ കോടതിയിലെത്തിച്ച് വീണ്ടും അറസ്റ്റ് ചെയ്യും. പ്രൊഡക്ഷൻ വാറന്റിനുള്ള അപേക്ഷ ഒന്നാം കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ സുജയ സുധാകരൻ മുഖേന അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു. രണ്ടാമത്തെ കേസിൽ കോടതി റിമാൻഡ് ചെയ്യുന്ന 19-ന് തന്നെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിക്കും.
റോയ് വധക്കേസിലെ പ്രതികളായ പൊന്നാമറ്റം വീട്ടിൽ റോയിയുടെ ഭാര്യ ജോളി(47), ജോളിയ്ക്ക് സയനൈഡ് എത്തിച്ചുനൽകിയ ജ്വല്ലറി ജീവനക്കാരനും റോയിയുടെ അമ്മാവന്റെ മകനുമായ ഈങ്ങാപ്പുഴ കാക്കവയൽ മഞ്ചാടി വീട്ടിൽ എം.എസ്.മാത്യു എന്ന ഷാജി(44) എന്നിവരാണ് സിലി വധക്കേസിലെയും ഒന്നും രണ്ടും പ്രതികൾ.
മാത്യുവിന് സയനൈഡ് നൽകിയ ജ്വല്ലറി ജീവനക്കാരൻ റോയ് വധക്കേസിലെ മൂന്നാം പ്രതി താമരശ്ശേരി പള്ളിപ്പുറം തച്ചംപൊയിൽ മുള്ളമ്പലത്തിൽ വീട്ടിൽ പ്രജികുമാർ(48)നെ സിലി വധക്കേസിൽ അന്വേഷണസംഘം പ്രതിചേർത്തിട്ടില്ല. താമരശ്ശേരിയിലെ സ്വകാര്യ ദന്താശുപത്രിയിൽ വെച്ച് ജോളി സയനൈഡ് നൽകി സിലിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. സിലി വധക്കേസില് ഷാജുവും പിതാവ് സക്കറിയാസും പ്രതികളാവുമെന്നാണ് അന്വേഷണസംഘം പറയുന്നത്.