കോഴിക്കോട്: ജോളിയുടെ രണ്ടാം ഭര്‍ത്താവ് കോടഞ്ചരി പുലിക്കയം പൊന്നാമറ്റത്തിൽ ഷാജുവിന്റെ ആദ്യ ഭാര്യ സിലി സെബാസ്റ്റ്യന്‍ (43) വധിക്കപ്പെട്ട കേസില്‍ മുഖ്യപ്രതി ജോളി(47) യെ അന്വേഷണസംഘം നാളെ കസ്റ്റഡിയില്‍ വാങ്ങും.
വെള്ളിയാഴ്ച ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ അന്വേഷണസംഘം ഇന്നലെ താമശേരി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യില്‍ സമര്‍പ്പിച്ചു. സിലി വധക്കേസ് അന്വേഷിക്കുന്ന വടകര തീരദേശപോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖേന കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്.
അറസ്റ്റ് മെമ്മോ സഹിതം ആദ്യം പ്രൊഡക്ഷന്‍ വാറന്റിനുള്ള അപേക്ഷ ഒന്നാം കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖേന അന്വേഷണസംഘം സമര്‍പ്പിച്ചിരുന്നു. താമരശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസായതിനാലാണ് താമരശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യില്‍ അപേക്ഷ നല്‍കിയത്. പ്രൊഡക്ഷൻ വാറണ്ട് ലഭിച്ചെങ്കിലും ഇന്നു ഞായറാഴ്ചയായതിനാൽ നാളെയെ ജോളിയെ കസ്റ്റഡിയിൽ വാങ്ങൂ.
അതേസമയം കേസിലെ രണ്ടാം പ്രതി ഈങ്ങാപ്പുഴയ്ക്കടുത്ത കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്. മാത്യു എന്ന ഷാജി(44) യെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടിയുള്ള അപേക്ഷയും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. റോയ് തോമസ് വധക്കേസില്‍ മൂന്നുപ്രതികളുടെയും ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളി. റിമാന്‍ഡ് കാലാവധി ഇന്നലെ അവസാനിക്കുമെന്നിരിക്കെയാണ് ജാമ്യാപേക്ഷ നല്‍കിയത്.
കൂടാതെ ജുഡീഷല്‍ കസ്റ്റഡി നീട്ടുന്നതിനായി അന്വേഷണസംഘം താമരശേരി രണ്ടാംകോടതിയില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് 14 ദിവസത്തേക്ക് കൂടി പ്രതികളെ റിമാന്‍ഡ് ചെയ്തു. ജുഡീഷല്‍ കസ്റ്റഡിയിലുള്ള പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി മജിസ്ട്രേറ്റിന് റിമാന്‍ഡ് ചെയ്യാമെങ്കിലും താമരശേരിയിലെ രണ്ട് കോടതികളിലും സംവിധാനമില്ലാത്തതിനാല്‍ പ്രതികളെ നേരിട്ട് ഹാജരാക്കിയിരുന്നു.
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പോലീസ് കുറ്റപത്രം തയാറാക്കി തുടങ്ങിയിട്ടുണ്ട്. റോയ്തോമസിന്റെ കേസിലാണ് ആദ്യം കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഇതുവരെ രേഖപ്പെടുത്തിയവരുടെ മൊഴികള്‍ പ്രത്യേകം എഴുതി തയാറാക്കി വരികയാണ്. കൂടാതെ ഓരോ കേസുമായി ബന്ധപ്പെട്ടും പ്രതികള്‍ നല്കിയ മൊഴികളും ഓരോ അന്വേഷണസംഘം പ്രത്യേകം രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് വിസ്തരിക്കേണ്ടവരുടെയും മൊഴികള്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ ആല്‍ഫൈന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവമ്പാടി ഇന്‍സ്പെക്ടര്‍ ഷാജു ജോസഫ്, സിലിവധകേസിൽ വടകര കോസ്റ്റല്‍ ഇന്‍സ്പക്ടര്‍ ബി.കെ.സിജു എന്നിവര്‍ സിലിയുടെ മകന്റെ മൊഴി രേഖപ്പെടുത്തി.സിലിയുടെ ബന്ധുവിന്റെ വലിയകൊല്ലിയിലെ ബന്ധുവീട്ടിലെത്തിയാണ് പോലീസ് മണിക്കൂറൂകളോളം കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. അന്വേഷണസംഘം ഇന്നലെ പുലിക്കയത്തെ പൊന്നാമറ്റം ഷാജുവിന്റെ അയൽവീടുകളിൽ നിന്നും മൊഴിയെടുത്തു. ജോളിയെ നാളെ കസ്റ്റഡിയിൽ വിശദമായി ചോദ്യംചെയ്തതിനുശേഷം സിലി വധകേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.