കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായിലെ മുഖ്യപ്രതി ജോളിയെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ ഭര്‍തൃപിതാവും ഭാര്യയുമായി കലഹം നടന്നതായി പോലീസ് . അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ ഇന്നലെ വിളിച്ചുവരുത്തിയ ഷാജുവിന്റെ പിതാവ് സക്കറിയാസും ഭാര്യയുമായാണ് ജോളിയെ ചൊല്ലി വഴക്കിട്ടത്.
സ്ഥലത്ത് നിരീക്ഷണം നടത്തുകയായിരുന്ന ക്രൈംബ്രാഞ്ചിന് ഇതുസംബന്ധിച്ചുള്ള വിവരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഷാജുവിനേയും സക്കറിയാസിനെയും ഇന്നലെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്. സക്കറിയാസും ജോളിയും തമ്മില്‍ അടുത്തബന്ധമുണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. ഈ ബന്ധമാണ് മകന് ഷാജുവിനെകൊണ്ട് ജോളിയെ പുനര്‍വിവാഹം ചെയ്യിപ്പിക്കുന്നതിലെത്തിയത്.
വിവാഹത്തിന് മുമ്പ് ടോംതോമസിന്റെ പേരിലുള്ള 39 ഓളം സെന്റ് ഭൂമിയും വീടും തന്റെ പേരിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ജോളി വീട്ടിലെ നിത്യസന്ദർശകനായ സക്കറിയാസിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വിവാഹത്തിനുള്ള അരങ്ങൊരുങ്ങിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇന്നലെ ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ സക്കറിയാസ് ഇക്കാര്യം നിഷേധിച്ചിരുന്നു.
എന്നാല്‍ ജോളിയെ മുന്‍നിര്‍ത്തിയുള്ള ചോദ്യം ചെയ്യലില്‍ സക്കറിയാസ് മൗനം നടിച്ചു. സക്കറിയാസ് പൊന്നാമറ്റത്തെ വീട്ടില്‍ വരുന്നതിനെ ജ്യേഷ്ടന് ടോംതോമസ് വിലക്കിയിരുന്നു. എന്നാല്‍ സക്കറിയാസ് ടോംതോമസില്ലാത്ത പലദിവസവും ഇവിടെ എത്തി.
അന്നമ്മയുടെയും ടോംതോമസിന്റെയും മരണശേഷവും സക്കാറിയാസ് പതിവായി ഇവിടെ എത്തി. ഇതിനെ അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മഞ്ചാടി മാത്യു എതിര്‍ത്തു. ഇതേതുടര്‍ന്ന് മാത്യുവിനോടും സക്കറിയാസിന് എതിര്‍പ്പുണ്ടായിരുന്നു.
മാത്യുവിനെ ജോളി കൊലപ്പെടുത്തിയത് സക്കറിയാസിന്റെ അറിവോടെയാണെന്ന രീതിയിലും ഇതിനിടെ അന്വേഷണസംഘത്തിന് സംശയമുണ്ടായി. ഇക്കാര്യങ്ങളുള്‍പ്പെടെ സക്കറിയാസിന് കൂടത്തായി കൊലപാതക പരമ്പരയിലെ പല കേസുകളുമായി നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയതായാണ് സൂചന. സംശയമുനയിലുള്ള സക്കറിയാസിനെ പോലീസ് വീണ്ടും ചോദ്യംചെയ്യും.