കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി 17 വര്‍ഷത്തിനുള്ളില്‍ ചെലവഴിച്ചത് കോടികള്‍. കൊലപാതക വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതിനും വ്യാജ ഒസ്യത്ത് തയാറാക്കുന്നതിനുമുള്പ്പെടെ ലക്ഷങ്ങള്‍ ചെലവഴിച്ചിരുന്നതായാണ് പോലീസ് കണ്ടെത്തിയ വിവരം. ജോലിയൊന്നുമില്ലാതിരുന്ന ജോളിയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ചും പണമിടപാടുകളെ കുറിച്ചും വിശദമായി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച അന്നമ്മയുടേയും ടോംതോമസിന്റെയും റിട്ടയർമെന്റ് ആനുകൂല്യങ്ങളെ കുറിച്ച് റോജോയ്ക്കും റെഞ്ചിക്കും വ്യക്തമായി അറിവില്ല. ഈ പണമെല്ലാം ജോളി കൈക്കലാക്കിയിട്ടുണ്ടാവുമെന്നാണ് നിഗമനം. റോയ്തോമസിന്റെ ബിസിനസ് ആവശ്യാര്‍ഥം എന്ന പേരിലായിരുന്നു ഇരുവരില്‍ നിന്ന് പണം ആവശ്യപ്പെട്ടിരുന്നത്.
അന്നമ്മയുടെ മരണശേഷം പൊന്നാമറ്റത്ത് വീട്ടില്‍ അന്നമ്മയുടെ അലമാരയില്‍ സൂക്ഷിച്ച എട്ട് വളകളും കാണാതായിരുന്നു. ഇതേക്കുറിച്ച് ജോളി യാതൊരു കാര്യവും വ്യക്തമാക്കിയിരുന്നില്ല. ടോംതോമസ് മരിക്കുമ്പോള്‍ 22,000 രൂപമാത്രമേ ബാങ്ക് അക്കൗണ്ടില്‍ അവശേഷിച്ചിരുന്നുള്ളൂ. ബാക്കി തുകയെല്ലാം എന്തുചെയ്തുവെന്നതിനെ കുറിച്ച് ആര്‍ക്കും അറിവില്ല.റിട്ടയർ ചെയ്തപ്പോൾ പിഎഫ്, ഗ്രാറ്റുവിറ്റി അടക്കം ഇരുവർക്കും ലക്ഷങ്ങൾ ലഭിച്ചതായി ബാങ്ക് രേഖകളിലുണ്ട്.
മണിമുണ്ടയിലുണ്ടായിരുന്ന രണ്ട് ഏക്കര്‍ സ്ഥലം വില്പന നടത്തി ടോം തോമസ് റോയിക്ക് വീട് വാങ്ങാനായി 16 ലക്ഷം രൂപ ജോളിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. ഈ തുക എന്ത് ചെയ്തുവെന്നതും അവ്യക്തമാണ്. ടോം തോമസിന്റെ മരണത്തെ തുടര്‍ന്ന് വ്യാജ ഒസ്യത്ത് തയാറാക്കുന്നതിന് വേണ്ടി പലര്‍ക്കായി ലക്ഷങ്ങള്‍ ജോളി കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
ഷാജുവിനെ വിവാഹം ചെയ്യുന്നതിനു മുമ്പ് സിലിയുടെ സ്വര്‍ണാഭരണങ്ങളും ജോളി കൈക്കലാക്കിയിരുന്നു. ഇക്കാര്യം ഷാജുവിന് അറിയാമായിരുന്നു. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ ജോളി എന്തിന് വേണ്ടി ചെലവഴിച്ചുവെന്നതിനെ കുറിച്ച് ഷാജുവിന് അറിവില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് ജോളിയുടെ പണമിടപാട് സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്.
ആരെല്ലാമായി ജോളി പണപിടപാടുകള് നടത്തിയിട്ടുണ്ടെന്ന വിവരം ബാങ്ക് വഴി അന്വേഷണസംഘം ശേഖരിക്കും. എത്രപണം പിന്‍വലിച്ചുവെന്നതും എപ്പോഴാണ് പണം പിന്‍വലിച്ചതെന്നതും ഈ കാലയളവില്‍ ആറ് കൊലപാതകങ്ങളിലേതെങ്കിലും നടന്നിരുന്നുവോ എന്നതും അന്വേഷിച്ചുവരികയാണ്. ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസനടക്കം നിരവധി സുഹൃത്തുക്കൾ തനിക്ക് പണം നൽകിയിട്ടുണ്ടെന്ന് ജോളി മൊഴിനൽകിയിട്ടുണ്ട്. അത് എന്തിനുവേണ്ടിയാണെന്ന് പോലീസ് അന്വേഷിക്കുകയാണ്