കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി പൊന്നാമറ്റം വീട്ടിൽനിന്ന് വൻ സ്വർണശേഖരം ഇടുക്കി കട്ടപ്പനയിലെ സ്വന്തം വീട്ടിലേക്ക് കടത്തി. കൂടത്തായിലെ ടോം തോമസിന്റെ വീട്ടിൽ നിന്നും, പുലിക്കയത്തെ ഷാജുവിന്റെ വീട്ടിൽനിന്നും പലപ്പോഴായി ഇടുക്കിയിലെത്തിച്ച സ്വർണം പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച്ച ചോദ്യം ചെയ്യലിന് വടകര എസ്പി ഓഫീസിലെത്തിയ ജോളിയുടെ സഹോദരങ്ങളാണ് പോലീസ് നിർദ്ദേശപ്രകാരം ആഭരണങ്ങൾ എത്തിച്ചത്.ഇതിൽ സിലിയുടെ ആഭരണങ്ങൾ കണ്ടെത്താനായില്ല. ഇവ ജോളിയുടെ ഉറ്റ സുഹൃത്തായ ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസൻ മുഖേന പണയം വയ്ക്കുകയോ വിൽക്കുകയോ ചെയ്തതായി സംശയിക്കന്നു.
ഇന്നലെ മൊഴി നൽകാൻ വടകര എസ്പി ഓഫീസിലെത്തിയ സിലിയുടെ സഹോദരങ്ങളെ ആഭരണങ്ങൾ കാണിച്ചപ്പോഴാണ് അതിൽ സാലിയുടെ ആഭരണങ്ങൾ ഇല്ലെന്ന് സ്ഥിരീകരിച്ചത്. സിലിയുടെ സഹോദരങ്ങളായ സിജോ, സ്മിത, സിജോയുടെ ഭാര്യ ജോയ്സ് എന്നിവരാണ് ഇന്നലെ മൊഴിനൽകാൻ എത്തിയത്.
ജോളി കട്ടപ്പനയിലേക്ക് കടത്തിയത് ആദ്യഭർത്താവ് റോയ് തോമസിന്റെ അമ്മ അന്നമ്മ ടീച്ചറിന്റേയും, റെഞ്ചിയുടെയും സ്വർണമാണെന്ന് കരുതുന്നു. റെഞ്ചിയുടെ വിവാഹത്തിനായി അന്നമ്മ ടീച്ചർ കരുതിവച്ചിരുന്ന 65 പവനിൽ ഓരോ പവൻ തൂക്കമുള്ള എട്ട് വള കളടക്കം കാണാതായിരുന്നു.
കട്ടപ്പനയിൽ നിന്ന് എത്തിച്ച സ്വർണത്തിൽ ഏതാനും വളകളുമുണ്ട്. ഇത് തിരിച്ചറിയാൻ റെഞ്ചിയുടെ സഹായം തേടും. ഇതിനിടെ സിലിയുടെ 35 പവൻ ആഭരണങ്ങൾ ഒരു ധ്യാനകേന്ദ്രത്തിലെ കാണിക്ക വഞ്ചിയിൽ ഇട്ടെന്ന ആദ്യമൊഴി കളവാണെന്നും, സിലിയുടെ സ്വർണം ജോളി എടുത്തുമാറ്റിയതാണെന്നും ഇന്നലെ ഷാജു സമ്മതിച്ചു’.
സ്വർണം വീണ്ടെടുക്കാനായി ഇന്നലെ ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസനെയും പോലീസ് ചോദ്യം ചെയ്തു. സിലിയുടെ സ്വർണം വൈകാതെ വീണ്ടെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.