കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ കൊല്ലപ്പെട്ട സിലിയുടെ ആഭരണങ്ങള്‍ തിരിച്ചറിയാനായി സഹോദരന് സിജോ അന്വേഷണസംഘം മുമ്പാകെ എത്തിയെങ്കിലും ആഭരണം കാണാതെ മടങ്ങി.
കേസിലെ മുഖ്യപ്രതി ജോളി സുഹൃത്തായ ജോണ്‍സനെ ഏല്പിച്ച സ്വര്‍ണത്തില്‍ സിലിയുടെതുണ്ടോയെന്ന് തിരിച്ചറിയാനാണ് സിജോയോട് ഇന്നലെ വടകരയിലെ എസ്പി ഓഫീസിൽ എത്താന്‍ ആവശ്യപ്പെട്ടത്. എന്നാൽ വെള്ളിയാഴ്ച ജോൺസൻ വടകര തീരദേശ സ്സ്റ്റേഷനിൽ ഹാജരാക്കിയ ആഭരണങ്ങൾ ജോൺസനെ തിരികെ ഏൽപ്പിച്ചിരുന്നു.
വീണ്ടും വടകര എസ്പി ഓഫീസിൽ ഹാജരാകുന്പോൾ അവിടെ ഏൽപ്പിച്ചാൽ മതിയെന്ന് നിർദേശത്തോടെയാണ് ആഭരണങ്ങൾ ജോൺസന് തിരികെ നൽകിയത്. ജോൺസൻ വെള്ളിയാഴ്ച കൊണ്ടുവന്ന ആഭരണങ്ങൾ തീരദേശ പോലീസ് സ്റ്റേഷനിൽ ഉണ്ടാകുമെന്ന ധാരണയിലാണ് എസ്പി ഓഫീസിലെ അന്വേഷണസംഘം ഇന്നലെ സിജോയെ വിളിപ്പിച്ചത്.
ജോളി പണയം വയ്ക്കാൻ ഏൽപ്പിച്ചതെന്നു പറഞ്ഞ് ജോൺസൻ ഹാജരാക്കിയ 66 പവനിൽ സിലിയുടെ ആഭരണങ്ങൾ ഉണ്ടാകുമെന്ന് സംശയിക്കുന്നു. ജോളി നൽകിയ ആഭരണങ്ങൾ ജോൺസൻ മറ്റു ബാങ്കുകളിൽ പണയംവച്ചിട്ടുണ്ട്. ഇത് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ബാങ്കുകൾക്ക് നോട്ടീസ് നൽകിയിരുന്നു.
മൊത്തം ആഭരണങ്ങളുമായി വീണ്ടും ഹാജരാകണമെന്ന നിർദേശം നൽകിയാണ് വെള്ളിയാഴ്ച 12 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ ജോൺസനെ വിട്ടയച്ചത്. അതേസമയം ജോളിയുടെ സഹോദരങ്ങൾ വെള്ളിയാഴ്ച കട്ടപ്പനയിൽനിന്ന് കൊണ്ടുവന്ന ജോളിയുടെ ആഭരണങ്ങളിൽ സിലിയുടെ ആഭരണങ്ങളില്ലെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചിരുന്നു.