കോഴിക്കോട്:കൂടത്തായി കൊലപാതകക്കേസ് മുഖ്യ പ്രതി ജോളിയുടെ സുഹൃത്തായ ബിഎസ്എന്‍എല്‍ ജീവനക്കാരന് ജോണ്സണ് ഉപയോഗിച്ചത് റോയ് തോമസിന്റെ മൊബൈല്‍ നമ്പര്‍ . ജോളിയുടെ ആദ്യഭര്‍ത്താവായ റോയ് തോമസിന്റെ മരണശേഷം ജോണ്സണ് നമ്പര്‍ സ്വന്തം പേരിലേക്കു മാറ്റുകയായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്.
ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്സണ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് മൊബൈല്‍ നമ്പര്‍ സ്വന്തം പേരിലേക്ക് മാറ്റിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.ഇതോടൊപ്പം ജോളിയുടെ മക്കള്‍ ഉപയോഗിക്കുന്ന സിംകാര്‍ഡുകളും ജോണ്‍സന്റെ പേരിലുള്ളതാണ്.
ജോണ്‍സന്റെ പേരിലുള്ള സിം കാര്‍ഡാണ് ജോളിയും ഉപയോഗിച്ചത്. ജോളിക്കൊപ്പം സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയിട്ടുണ്ടെന്നും ജോണ്സണ് അന്വേഷണസംഘത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു.ജോളി ജോണ്‍സനെ കാണുന്നതിനു വേണ്ടിയാണ് കോയമ്പത്തൂരിലേക്കു പോയത്. രണ്ടു ദിവസം ജോളി കോയമ്പത്തൂരില്‍ താമസിച്ചു. ജോണ്‍സനൊപ്പം ജോളി ബംഗളൂരുവില്‍ പോയിരുന്നതായും പോലീസ് കണ്ടെത്തി.
മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയിലൂടെയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ഈ വര്‍ഷത്തെ ഓണാവധിക്കാലത്തായിരുന്നു ജോളിയുടെ കോയമ്പത്തൂര്‍ സന്ദര്‍ശനം. ഇതിനെ കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. ആവശ്യമെങ്കില്‍ വീണ്ടും ജോണ്‍സണെ ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.