കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ ഭയപ്പെട്ടിരുന്നതായി രണ്ടാംപ്രതി മഞ്ചാടിയിൽ സാമുവൽ മാത്യു എന്ന ഷാജിയുടെ മൊഴി. ജോളിയിലെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് സംശയംതോന്നിയതു മുതല്‍ ഭയമായിരുന്നു. എന്നാല്‍ ഇക്കാര്യം ആരോടും തുറന്നുപറയാന്‍ കഴിഞ്ഞിരുന്നില്ലെന്നും ജോളി അകന്നുപോവുമെന്ന് കരുതി എല്ലാം ഉള്ളിലൊതുക്കുകയായിരുന്നുവെന്നും മാത്യു അന്വേഷണഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
തന്റെ പിതൃസഹോദരീ പുത്രനായ റോയിയുമായി വിവാഹം കഴിഞ്ഞ് ജോളി കൂടത്തായിയിൽ എത്തി അധികം വൈകാതെ ബന്ധം തുടങ്ങിയതാണ്. എല്ലാതരത്തിലും വളരെ അടുത്ത ബന്ധമായിരുന്നു. അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്.
ഞങ്ങൾ ഭാര്യാ-ഭർത്താക്കന്മാരെപോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു. റോയ്തോമസിന്റെ മരണത്തിനു മുമ്പേ തന്നെ ജോളിയുമായി അടുത്തിരുന്നു. ബന്ധുക്കളായതിനാല്‍ വീട്ടില്‍ സന്ദര്‍ശിക്കുന്നതിലും ജോളിയുമായി ഇടപഴകുന്നതിലും ആര്‍ക്കും സംശയം തോന്നിയിരുന്നില്ല.
അതിനാല്‍ ബന്ധം തുടരാന്‍ സാധിച്ചു. ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിന്റെ മദ്യപാനവും ജോളിയുമായുള്ള അടുപ്പത്തിന് അവസരമൊരുക്കി. അക്കാലത്താണ് റോയ്തോമസിന്റെ പിതാവ് ടോംതോമസ് 2008 ഓഗസ്റ്റ് 26ന് മരിക്കുന്നത്. മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് ജോളി എന്നോട് സയനൈഡ് വാങ്ങിയിരുന്നു. നായയേയും എലിയേയും കൊല്ലാനാണെന്ന് പറഞ്ഞായിരുന്നു സയനൈഡ് വാങ്ങിയിരുന്നത്.
ആ മരണശേഷം പൊന്നാമറ്റത്തെ വീട്ടില്‍ നിത്യസന്ദര്‍ശകനായി. ജോളിയുമായുള്ള ബന്ധത്തിൽ റോയിക്ക് കാര്യമായ എതിർപ്പില്ലായിരുന്നു. റോയ് ദാന്പത്യവിഷയത്തിൽ പരാജയമാണെന്നു പറഞ്ഞ് എന്നോട് കൂടുതൽ അടുത്തു. പരസ്പരം പിരിയാൻ വയ്യാത്ത അടുപ്പമുണ്ടായി. അതിനിടെ റോയ് തോമസും മരിച്ചു. ടോം തോമസിനു പിന്നാലെ റോയിയും മരിച്ചപ്പോൾ ജോളി കൊലപ്പെടുത്തിയതാവാമെന്ന് സംശയിച്ചു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ ജോളി തന്നെയാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് ഉറപ്പിച്ചു. പുറത്താരോടും പറയാതിരുന്നത് ജോളിയെ നഷ്ടപ്പെടരുതെന്നു കരുതിയാണ്. എന്നാല്‍ ഒരിക്കല്‍ പോലും ഇക്കാര്യം ജോളിയോട് ചോദിച്ചിരുന്നില്ല. കൊലപ്പെടുത്തിയതാണെന്ന വിവരം താന്‍ മനസിലാക്കിയെന്നറിഞ്ഞാൽ തന്റെ ജീവനും അപകടത്തിലാവുമെന്ന് കരുതി.
വീണ്ടും കുടുംബത്തില്‍ ഒരു മരണം കൂടിയുണ്ടായി. തന്റെ പിതൃസഹോദരനായ മഞ്ചാടിയില്‍ മാത്യുവിനേയും സയനൈഡ് നല്കി ജോളി കൊലപ്പെടുത്തിയതാണെന്ന് ബോധ്യമായി. വിമുക്ത ഭടനായ മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരുനിന്ന ആളാണ്.
അതിനിടെയാണ് ഷാജുവിനെ വിവാഹം ചെയ്യുന്നത്. എന്നിട്ടും താനുമായി ബന്ധം തുടർന്നു. ഇതിനിടെ ജോളി വീണ്ടും സയനൈഡ് ആവശ്യപ്പെട്ടപ്പോൾ അത് സംഘടിപ്പിച്ചുനൽകി. ജോളിയിലെ വശ്യതമൂലം എതിർത്തുപറയാൻ തനിക്കു കഴിയുമായിരുന്നില്ലെന്നും മാത്യു പോലീസിനോടു പറഞ്ഞു. ആൽഫൈൻ വധകേസ് അന്വേഷിക്കുന്ന തിരുവന്പാടി ഇൻസ്പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലാണ് മാത്യുവിന്റെ മൊഴിയെടുക്കുന്നത്.