കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ ആദ്യ ഇര പൊന്നാമറ്റംവീട്ടില്‍ അന്നമ്മയെ കൊലപ്പെടുത്തുന്നതിന് മുമ്പ് ജോളി നായയിൽ പരീക്ഷണം നടത്തിയതായി വെളിപ്പെടുത്തല്‍ . കട്ടപ്പനയിലെ വാഴവരയിലെ തറവാടായ ചോറ്റയില്‍ വീട്ടിലുണ്ടായിരുന്ന പ്രായമായ നായയ്ക്ക് വിഷം നല്‍കിയാണ് പരീക്ഷണം നടത്തിയത്.
വിഷം അകത്ത് ചെന്നാല്‍ പ്രകടിപ്പിക്കുന്ന സ്വഭാവവും എത്രസമയത്തിനുള്ളില്‍ മരിക്കുമെന്നും അറിയുന്നതിനാണ് പരീക്ഷണം നടത്തിയതെന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ മൊഴി നല്കി.
കാഞ്ഞിരവേരില് നിന്നുല്‍പ്പാദിപ്പിക്കുന്ന പട്ടിയെ കൊല്ലാനുപയോഗിക്കുന്ന മാരകവിഷമായ ‘ഡോഗ്കില്‍ ‘ നെ കുറിച്ച് നേരത്തെ മനസിലാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് 2002 ജൂലൈയിൽ കോഴിക്കോട് മൃഗാശുപത്രിയിലെത്തി വ്യാജ മേല്വിലാസംനൽകി വിഷത്തിന്റെ പ്രിസ്ക്രിപ്ഷന് വാങ്ങിയത്.
വിഷം വാങ്ങി വീട്ടിലെത്തിയ ജോളി ഓഗസ്റ്റ് ആദ്യം അന്നമ്മയ്ക്കുള്ള ഭക്ഷണത്തില്‍ കലര്‍ത്തി നല്കി. അന്നമ്മ മരിക്കുന്നതിന് മൂന്നാഴ്ച മുമ്പായിരുന്നു ഇത്. അന്നമ്മ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും രക്ഷപ്പെടുകയുമായിരുന്നു. എന്നാല്‍ അന്ന് വിഷമേതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സംഭവത്തിന് ശേഷം ഡോഗ്കില്‍ വിഷത്തിന് വീര്യം കുറവാണെന്ന് ജോളി കരുതി. കോഴിക്കോട്ടു നിന്ന് വാങ്ങിയ വിഷം കൈയില്‍ തന്നെ കരുതി.
അക്കാലത്ത് പാലാ ഐങ്കൊമ്പിലുള്ള ടോംതോമസിന്റെ അടുത്തബന്ധുവിന്റെ വീട്ടിലായിരുന്നു അധ്യാപികയെന്ന പേരിൽ ജോളി താമസിച്ചിരുന്നത്. കോഴിക്കോട്ടു നിന്ന് പാലായിലേക്ക് പോകുമ്പോഴും ജോളി ഈ വിഷം കൈയില്‍ കരുതിയിരുന്നു. പാലായില്‍ പോവാതെ കട്ടപ്പനയിലേക്ക് പോവുകയും അവിടെയുള്ള നായയില്‍ പരീക്ഷണം നടത്തുകയുമായിരുന്നു.
ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് നായ എളുപ്പത്തില്‍ ചത്തു. പിന്നീടാണ് പാലായിലേക്ക് പോയത്. അവിടെ താമസിച്ച് ജോളി പിന്നീട് കൂടത്തായിയില്‍ എത്തിയപ്പോള്‍ കുപ്പിയിൽ ബാക്കിയുണ്ടായിരന്നത്രയും ഡോഗ്കില്‍ ആട്ടിന്‍സൂപ്പില്‍ കലര്‍ത്തി രണ്ടാമതും അന്നമ്മയ്ക്ക് നല്‍കുകയായിരുന്നു. 2002 ല്‍ ഓഗസ്റ്റ് 22 നാണ് അന്നമ്മ കുഴഞ്ഞു വീണ് മരിച്ചത്.
അന്നമ്മ പിടഞ്ഞുവീണു മരിയ്ക്കുന്പോൾ ഹൃദയം ആനന്ദംകൊണ്ട് തുടിച്ച് താൻ ഉന്മാദ അവസ്ഥയിലായിരുന്നെന്നും കൊലപ്പെടുത്തുന്ന വിവരം അന്നമ്മയുടെ മകനും തന്റെ ഭർത്താവുമായ റോയ് തോമസിന് മുൻകൂട്ടി അറിയാമായിരുന്നെന്നും ജോളി പോലീസിനോടു പറഞ്ഞു. 12 വർഷങ്ങൾക്കുശേഷം സയനൈഡ് നൽകി മഞ്ചാടിയിൽ മാത്യുവിനെ കൊലപ്പെടുത്തിയപ്പോഴും , പിന്നീട് സിലിയെ വകവരുത്തിയപ്പോഴും അതേ ഉന്മാദം അനുഭവിച്ചതായും ജോളി മൊഴി നൽകി.