കോഴിക്കോട്: കൂടത്തായി കൊലപാതകപരന്പര കേസിലെ രണ്ടാമത്തെ ഇര റിട്ട.വിദ്യാഭ്യാസ വകുപ്പ് ഓഫീസർ പൊന്നാമറ്റത്തിൽ ടോം തോമസ് കൊല്ലപ്പെടുന്നതിന്റെ കുറച്ചു മുൻപ് ഇൻഷ്വറൻസ് പോളിസി ഇനത്തിൽ ലഭിച്ച അഞ്ചുലക്ഷത്തോളം രൂപയും മരുമകൾ ജോളി തട്ടിയെടുത്തതായി സംശയം.
2008 ഓഗസ്റ്റ് 26നാണ് ടോം തോമസിനെ ഭക്ഷണത്തിൽ സയനൈഡ് ചേർത്ത് നൽകി ജോളി കൊലപ്പെടുത്തിയത്. ഇതിന്റെ ആഴ്ചകൾക്കുമുൻപ് കാലാവധി പൂർത്തിയായ ഇൻഷ്വറൻസ് പോളിസിയുടെ ചെക്ക് ബാങ്കിൽ നൽകി പിൻവലിച്ചതായി ജോളി മൊഴി നൽകിയിരുന്നു.
താമരശേരിയിലെ ഐസിഐസിഐ ബാങ്കിലാണ് ചെക്ക് നൽകിയതെന്ന ജോളിയുടെ മൊഴി വ്യാജമാണെന്ന് അന്വേഷണസംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തി. വടകര ഡിവൈഎസ്പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഐസിഐസിഐ ബാങ്കിലെ ടോമിന്റെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇങ്ങനെയൊരു തുക എത്തിയിട്ടില്ലെന്ന് സ്ഥരീകരിച്ചത്.
ഇതേ തുടർന്ന് താമരശേരി, ബാലുശേരി, ഓമശേരി മേഖലകളിലെ എല്ലാ ബാങ്കുകളിലും പോലീസ് പരിശോധന നടത്തിവരികയാണ്. റിട്ടയർമെന്റ് ആനുകൂല്യമായി ടോമിനും, അധ്യാപികയായ ഭാര്യ അന്നമ്മയ്ക്കും ലക്ഷങ്ങൾ ലഭിച്ചതും ബാങ്കുകളിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് സ്വത്തുക്കളൊന്നും വാങ്ങിയിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
അന്നമ്മയുടെ മരണശേഷം ടോം ജോളിയുടെ ചൊൽപ്പടിയിലാണ് ജീവിച്ചതെന്ന് അയൽവാസികളും,വീട്ടുവേലക്കാരിയും മൊഴിനൽകിയിട്ടുണ്ട്. രണ്ടാമതൊരാളുടെ സഹായത്തോടെ ജോളി ഈ പണം തട്ടിയെടുത്തതായി സംശയിക്കുന്നു. ഇത് ജോളിയുടെ ഭർത്താവ് റോയ് തോമസോ, കേസിലെ രണ്ടാംപ്രതി കാക്കവയൽ സ്വദേശി മഞ്ചാടിയിൽ സാമുവൽ മാത്യു എന്ന ഷാജിയോ ആകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
ആറു മരണങ്ങളും വെവ്വേറെ രജിസ്റ്റർ ചെയ്തതിനാൽ അന്നമ്മ-ടോം വധകേസുകളിൽ ജോളിയെ വ്യത്യസ്ത ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി പണം പോയവഴി കണ്ടെത്താനാണ് പോലീസ് ആലോചിക്കുന്നത്. കേസിൽ മഞ്ചാടിയിൽ സാമുവൽ മാത്യു എന്ന ഷാജിയേയും കസ്റ്റഡിയിൽ വാങ്ങും.