കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി വ്യാജ രേഖകളുണ്ടാക്കിയ ടൈപ്പ്റൈറ്റര്‍ കണ്ടെത്തി. ടോംതോമസ് വധക്കേസ് അന്വേഷിക്കുന്ന സംഘമാണ് കൂടത്തായി പൊന്നാമറ്റം വീട്ടിലെ സ്റ്റോര്‍ റൂമില്‍ ഒളിപ്പിച്ചുവച്ചിരുന്ന ടൈപ്പ് റൈറ്റര്‍ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ വീട്ടിലുള്ള ടൈപ്പ് റൈറ്റര്‍ ഉപയോഗിച്ചാണ് താന്‍ വ്യാജ രേഖകള്‍ തിരുത്തിയതും ചിലത് തയാറാക്കിയതെന്നുമാണ് ജോളി പോലീസിനോട് പറഞ്ഞത്.
2008 ഓഗസ്റ്റ് 26 നാണ് ടോംതോസ് മരിച്ചത്. മരിയ്ക്കുന്നതിന് മുമ്പ് ഒസ്യത്ത് മകന് റോയ് തോമസിന്റെ പേരില്‍ എഴുതിവച്ചിരുന്നു. ഈ ഒസ്യത്ത് തയാറാക്കിയത് ഫറോക്കിലെ ടൈപ്പ്റൈറ്റിംഗ് സെന്ററിൽ നിന്നായിരുന്നു. ജോളി ഈ സെന്റർ കഴിഞ്ഞദിവസം പോലീസിന് കാണിച്ചുകൊടുത്തെങ്കിലും ഒസ്യത്ത് ടൈപ്പ് ചെയ്ത സ്ത്രീയെ കണ്ടെത്താനായില്ല.
ഇവിടെനിന്ന് തയാറാക്കിയ ഒസ്യത്തിൽ പിന്നീട് ചില തിരുത്തലുകൾ വരുത്തിയതായി ജോളി സമ്മതിച്ചിരുന്നു. തുടർന്നു നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് സ്വന്തം ടൈപ്പ് റെറ്റർ ഉപയോഗിച്ചതായി ജോളി മൊഴിനൽകിയത്. വ്യാജരേഖകൾ തയാറാക്കുന്നതിനായി ഒരു സെക്കൻഡ് ഹാൻഡ് ടൈപ്പ്റൈറ്റർ വാങ്ങി സൂക്ഷിച്ചതാണെന്നും ജോളി മൊഴി നൽകി.
2008 കാലഘട്ടത്തില്‍ കംപ്യൂട്ടര്‍ വ്യാപകമായി ഉണ്ടെങ്കിലും ചില രേഖകള്‍ തയാറാക്കിയിരുന്നത് ടൈപ്പ്റൈറ്റര്‍ ഉപയോഗിച്ചു തന്നെയായിരുന്നു. അതിനാല്‍ വ്യാജ ഒസ്യത്ത് തിരുത്തിയതും ഇതേ ടൈപ്പ്റൈറ്ററിലാണെന്ന ജോളിയുടെ മൊഴി വിശ്വസനീയമായാണ് അന്വേഷണസംഘം കാണുന്നത്.
അതേസമയം വ്യാജ ഒസ്യത്ത് രേഖകളിലെ അക്ഷരങ്ങള്‍ ജോളിയുടെ വീട്ടിലുള്ള ടൈപ്പ് റൈറ്ററിലേത് തന്നെയാണോയെന്ന് വിശദമായി പരിശോധിക്കും. ടോംതോമസ് വധക്കേസുമായി ബന്ധപ്പെട്ട് ജോളിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.