കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളായ ജോളി, എംഎസ് മാത്യൂ, പ്രജികുമാര്‍ എന്നിവരെ ഇന്ന് വൈകിട്ട് താമരശ്ശേരി കോടതിയില്‍ ഹാജരാക്കും. മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കേ കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലീസ് ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് വിവരം.ജോളിയെ പരമാവധി ദിവസം കസ്റ്റഡിയില്‍ വെയ്ക്കാനുള്ള നിയമപരമായ നീക്കമാണ് അന്വേഷണ സംഘം നടത്തുന്നത്. മാത്യുവിനും ബിഎസ്എന്‍എല്‍ ജീവനക്കാരന് ജോണ്‍സണും പുറമേ ജോളിയുടെ സൗഹൃദ പട്ടികയിലേക്ക് ഒരു അദ്ധ്യാപകന് കൂടി എത്തിയതോടെ ഇവരുടെ കേരളത്തിന് പുറത്തേക്കുള്ള യാത്രകളും പോലീസ് അന്വേഷിക്കുകയാണ്.
സുഹൃത്തായ അദ്ധ്യാപകനും ബന്ധു എംഎസ് മാത്യുവിനും ഒപ്പം ജോളി നിരവധി തവണ കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കും യാത്ര ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പതിനൊന്നു തവണയാണ് ജോളി ഈ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തത്. അധ്യാപകവൃത്തിയുടെ ഭാഗമായുള്ള യാത്രയെന്നു പറഞ്ഞായിരുന്നു വീട്ടുകാരെ കബളിപ്പിച്ചത്. ഈ സാഹചര്യങ്ങളില്‍ വീട്ടുകാര്‍ക്ക് ഫോണ്‍ വിളിക്കുന്നതിന് പോലും നിയന്ത്രണവും ജോളി വെച്ചിരുന്നു. വസ്ത്രങ്ങള്‍ വാങ്ങുക, സ്ഥലം കാണുക എന്നിവയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നാണ് ജോളിയുടെ മൊഴി.
പതിനൊന്ന് യാത്രകളില്‍ രണ്ടു തവണ വീതം തവണ അധ്യാപകനും മാത്യുവും ജോളിയ്ക്കൊപ്പം യാത്ര ചെയ്തിരുന്നു. ഇതിന് പുറമേയാണ് ബിഎസ്എന്‍എല്‍ ജീവനക്കാരന് ജോണ്‍സന്റെ കുടുംബാംഗങ്ങള്‍ക്ക് ഒപ്പം ഊട്ടിയിലും കൊടൈക്കനാലിലും പോയത്. അതേസമയം സ്ഥലം കാണല്‍, വസ്ത്രവും സൗന്ദര്യവസ്തുക്കള്‍ വാങ്ങലും ആയിരുന്നു ഇതിന്റെ ലക്ഷ്യമെന്ന ജോളിയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ തനിക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാല്‍ പരിശോധനയില്‍ കാര്യമായ പ്രശ്നം കണ്ടെത്തിയില്ല. ഇതോടെ ശാരീരിക ബുദ്ധിമുട്ട് പറഞ്ഞ് ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനുള്ള ശ്രമമാണ് ജോളി നടത്തുന്നതെന്ന് പോലീസ് കണ്ടെത്തിയിരിക്കുകയാണ്.