കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പര കേസിൽ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ജോളി പൊന്നാമറ്റം കുടുംബത്തെ ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചെന്ന് പോലീസ്. ജോളിയുടെ സയനൈഡ് പ്രയോഗത്തിൽ കൊല്ലപ്പെട്ട ആദ്യ ഭർത്താവ് റോയ് തോമസിന്റെ ഉറ്റ ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ച് പോലീസിനെതിരേ തിരിച്ചുവിടാൻ വരെ ശ്രമം ഉണ്ടായതായി അന്വേഷണസംഘം കണ്ടെത്തി.
പൊന്നാമറ്റം കുടുംബത്തിലെ റിട്ട.പബ്ലിക് പ്രോസിക്യൂട്ടറടങ്ങുന്ന റോയിയുടെ കസിൻ സഹോദരർ ചേർന്ന് ഇതിനായി അസോസിയേഷൻ വരെ രൂപീകരിച്ചിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന റോയിയുടെ കസിൻ സഹോദരൻ ഉൾപ്പെടെയുള്ളവർ ചേർന്ന് അസോസിയേഷൻ രൂപീകരിക്കുകയും ജോളിയുടെ നിരപരാധിത്യം പുറത്തു കൊണ്ടുവരുന്നതിനായി ചാനലുകളെ സമീപിക്കുകയും ചെയ്തിരുന്നു.
താൻ തീർത്തും നിരപരാധിയാണെന്നും പോലീസ് തന്നെ വേട്ടയാടിയാൽ അത് മൊത്തം പൊന്നാമറ്റം കുടുംബത്തിന് ചീത്തപേരാകുമെന്നും കുടുംബത്തിലെ ആരേയും വിവാഹം ചെയ്തയയ്ക്കാൻ കഴിയില്ലെന്നുമാണ് ജോളി ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ ജോളിയിൽ അടുത്തിടെ സംശയം ഉദിച്ച ഒരു കസിൻ സഹോദരൻ ഇടപെട്ട് മറ്റുള്ളവരെ പിന്തിരിപ്പിക്കുകയായിരുന്നു.
ജോളി വ്യാജ ഒസ്യത്തുണ്ടാക്കി തട്ടിയെടുത്ത കുടുംബ സ്വത്ത് സംബന്ധിച്ച കേസ് ഒത്തുതീർന്നപ്പോൾ റോയിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് സഹോദരൻ റോജോ നൽകിയ ക്രിമിനൽ കേസ് പിൻവലിപ്പിക്കാൻ ജോളി സമ്മർദം ചെലുത്തിയതാണ് കസിൻ സഹോദരനിൽ സംശയം ജനിപ്പിച്ചത്. കുടുംബകല്ലറ പൊളിക്കുന്നത് തടയാൻ പൊന്നാമറ്റം കുടുംബം ഒന്നിച്ച് നിന്ന് പോരാടണമെന്നും ജോളി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ജോളി പ്രകടിപ്പിച്ച ആശങ്കയാണ് കസിൻ സഹോദരനിൽ സംശയം ജനിപ്പിച്ചത്.
വർഷങ്ങൾ പഴക്കമുള്ള മൃതദേഹ അവശിഷ്ടത്തിൽ ഡിഎൻഎ പരിശോധന ഫലം കാണുമോ എന്നായിരുന്നു ജോളിയുടെ സംശയം. ഇതിനായി ജോളി ഡോക്ടർമാരെയടക്കം ബന്ധപ്പെട്ടു. ഇതോടെയാണ് കസിൻ സഹോദരന് ജോളിയിൽ ആദ്യമായി സംശയം തോന്നിയത്. അറസ്റ്റിന് തൊട്ടു തലേന്ന് ജോളി മൂത്ത മകൻ റെമോയോടും ഒരു ബന്ധുവിനോടും കുറ്റസമ്മതം നടത്തിയിരുന്നു.
പറ്റിപ്പോയെന്നും കൊലപ്പെടുത്തണമെന്ന് ഉള്ളിൽ നിന്ന് തോന്നലുണ്ടായതിനാലാണ് കൊല നടത്തിയതെന്നുമായിരുന്നു കുറ്റസമ്മതം. ഇത് മകൻ റെമോ കോടതിയിൽ നൽകിയ രഹസ്യമൊഴിയിലുണ്ട്. ഇതിനിടെ ജോളിയും രണ്ടാം ഭർത്താവ് ഷാജുവിന്റെ പിതാവ് സക്കറിയാസുമായുള്ള ഉറ്റബന്ധത്തിന്റെ വിവരങ്ങൾ പോലീസിന് മൊഴിയായി ലഭിച്ചു.
സിലി വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിനു മുമ്പാകെയാണ് കഴിഞ്ഞ ദിവസം ജോളി കുറ്റസമ്മതം നടത്തിയത്. വർഷങ്ങൾക്ക് മുൻപുതന്നെ തനിക്ക് സക്കറിയാസുമായി ബന്ധമുണ്ടായിരുന്നെന്നും ഷാജുവുമായുള്ള രണ്ടാം വിവാഹത്തിനു ശേഷവും ബന്ധം തുടർന്നതായാണ് ജോളിയുടെ മൊഴി. സക്കറിയാസുമൊത്ത് പലയിടങ്ങളിൽ യാത്ര ചെയ്തതിന്റെ വിശദാംശങ്ങളും ജോളി ഏറ്റുപറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ സക്കറിയാസിനെ അന്വേഷണ സംഘം വീണ്ടും വിശദമായി ചോദ്യം ചെയ്യും.