ബാബു ചെറിയാൻ
കോഴിക്കോട്: കൂടത്തായി കൊലപാതകപരന്പര കേസിലെ മുഖ്യപ്രതി ജോളിയുടെ കാറിന്റെ രഹസ്യഅറയിൽനിന്ന് ബുധനാഴ്ച പോലീസ് കണ്ടെടുത്ത പൊടി മാരകവിഷമായ പൊട്ടാസ്യം സയനൈഡ് ആണെന്ന് സ്ഥിരീകരിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തെതുടർന്ന് ഇന്നലെ കണ്ണൂരിലെ ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ അടിയന്തര പരിശോധനയിലാണ് കാറിൽനിന്ന് കണ്ടെടുത്ത പൊടി സയനൈഡ് തന്നെയാണന്ന് സ്ഥിരീകരിച്ചത്.
കേരള പോലീസിന്റെ ഫോറൻസിക് വിഭാഗമായ റീജണൽ ഫോറൻസിക് സയൻസ് ലബോറട്ടറി കണ്ണൂരിലെ തളാപ്പിലാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ റിപ്പോർട്ട് അടക്കം പോലീസ് ശേഖരിച്ച സുപ്രധാന തെളിവുകൾ ഉടൻ കോടതിയിൽ ഹാജരാക്കും.
സിലിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച സയനൈഡ് സൂക്ഷിച്ചിരുന്ന ചെറിയ ലേഡീസ് പേഴ്സ് അടക്കം നിരവധി പ്രധാനപ്പെട്ട തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. സിലി വധക്കേസുമായി ബന്ധപ്പെട്ട് ഇന്നലെ കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിൽ നടത്തിയ തെളിവെടുപ്പിലാണ് 2016 ജനുവരി 11ന് സിലിയെ വകവരുത്താൻ ഉപയോഗിച്ച സയനൈഡ് സൂക്ഷിച്ചിരുന്ന ചെറിയ പേഴ്സ് കണ്ടെടുത്തത്.
അതിസമർഥമായി വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചുവച്ചിരുന്ന പഴ്സ് ജോളിതന്നെയാണ് പോലീസിന് എടുത്തുകൊടുത്തത്. ഈ പഴ്സിൽ ചെറിയ ഡപ്പിയിലാക്കിയാണ് സയനൈഡ് അന്ന് താമരശേരിയിലേക്ക് കൊണ്ടുപോയതെന്ന് ജോളി ഇന്നലെ മൊഴിനൽകി. പഴ്സ് വിശദപരിശോധനയ്ക്കായി ഉടൻ ഫോറൻസിക് ലാബിലേക്ക് അയക്കും. വിദഗ്ധപരിശോധനയിൽ സയനൈഡിന്റെ തെളിവ് ബാഗിനുള്ളിൽനിന്ന് വീണ്ടെടുക്കാനാവുമെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
2016 ജനുവരി 11ന് കോടഞ്ചേരി പുലിക്കയത്തെ വീട്ടിലെത്തി സിലിയെ കൂട്ടിയശേഷം സ്കൂളിലെത്തിയാണ് തന്റെയും സിലിയുടെയും മകനെ ഒപ്പം കൂട്ടിയതെന്നും താമരശേരിയിൽ തന്ത്രപൂർവം ഉടൻതന്നെ സിലിയെ കൂടത്തായിയിലെ വീട്ടിലെത്തിച്ച് ഫ്രൈഡ് റൈസിൽ സയനൈഡ് ചേർത്ത് സിലിക്ക് നൽകിയതായി ജോളി ഇന്നലെ സമ്മതിച്ചു.
ഇക്കാര്യങ്ങൾ ജോളി ഇതുവരെ സമ്മതിച്ചിരുന്നില്ല. സിലിയുടെ മകൻ നൽകിയ മൊഴിയുടെ പിൻബലത്തിൽ ചോദ്യംചെയ്തപ്പോൾ സംഭവങ്ങളത്രയും ജോളി സമ്മതിക്കുകയായിരുന്നു. ഫ്രൈഡ് റൈസ് കഴിച്ച് മരിച്ചില്ലെങ്കിൽ വീണ്ടും നൽകാനായാണ് സയനൈഡ് ചെറിയ പഴ്സിൽ കരുതിയതെന്ന് സമ്മതിച്ചപ്പോഴാണ് പോലീസിന്റെ ചോദ്യംചെയ്യലിൽ ജോളി പേഴ്സെടുത്ത് നൽകിയത്.
കൊടുവള്ളി ഇൻസ്പെക്ടർ കെ.ചന്ദ്രമോഹനന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ 10.30നോടെ നടത്തിയ പരിശോധനയിലാണ് ജോളിയുടെ കാറിൽ നിന്ന് സയനൈഡ് എന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തത്. കാറിന്റെ ഡ്രൈവിംഗ് സീറ്റിന് ഇടതുവശത്തായി ഡാഷ്ബോർഡിനു സമീപം നിർമിച്ച രഹസ്യഅറയ്ക്കുള്ളിലെ പഴ്സിൽ പ്ളാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞനിലയിലായിരുന്നു വിഷവസ്തു.
KL-10-AS-1305 നന്പറിയുള്ള ഹ്യൂണ്ടായ് എക്സ്സെന്റ് സലൂൺ നിറത്തിലുള്ള കാറിനൊപ്പം ജോളി ഉപയോഗിച്ചിരുന്ന സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജോളിയാമ്മ ജോസഫിന്റെ പേരിൽ 2016 ജൂലൈ 16ന് രജിസ്റ്റർ ചെയ്ത കാർ അന്നുമുതൽ ജോളിയാണ് ഉപയോഗിക്കുന്നത്.
അതേസമയം സിലി കൊല്ലപ്പെടുന്പോൾ ജോളി ഉപയോഗിച്ചിരുന്ന ആൾട്ടോ കാർ പോലീസ് കണ്ടെത്തിയതായി അറിയുന്നു. താമരശേരി ദന്താശുപത്രിയിൽ കുഴഞ്ഞുവീണ സിലിയെ ഓമശേരിയിലെ ആശുപ്ത്രിയിലെത്തിച്ച ഈ കാർ വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. കാറിൽ സിലിയുടെ സ്രവപരിശോധന നടത്താനാണ് പോലീസ് തീരുമാനം.