കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഭർതൃപിതാവ് പൊന്നാമറ്റം ടോം തോമസിനെ കബളിപ്പിച്ച് കൂടുതൽ പണം തട്ടിയെടുത്തതായി അന്വേഷണസംഘം കണ്ടെത്തി. റോയി-ജോളി ദന്പതികൾക്ക് പുതിയ വീട് വയ്ക്കുന്നതിനായി കൂടത്തായിക്കടുത്ത മണിമുണ്ടയിലുണ്ടായിരുന്ന രണ്ട് ഏക്കര്‍ സ്ഥലം വില്പന നടത്തി ടോം തോമസ് 16 ലക്ഷം രൂപ തന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു എന്നായിരുന്നു ജോളിയുടെ ആദ്യമൊഴി.
എന്നാൽ മണിമുണ്ടയിലെ ഭൂമി വിറ്റത് 20 ലക്ഷം രുപയ്ക്ക് മുകളിലാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. അന്നമ്മ- ടോം തോമസ് ദന്പതികളുടെ കൊലപാതകം അന്വേഷിക്കുന്ന വടകര ഡിവൈഎസ്പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്ഥലം വിൽപ്പനയിലെ പണം തട്ടിയതിനെക്കുറിച്ച് വിശദാംശങ്ങൾ ലഭിച്ചത്.
മണിമുണ്ടയിലെ സ്ഥലം വാങ്ങിയ ആളിൽനിന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം വിശദമായ മൊഴിയെടുത്തിരുന്നു. 20 ലക്ഷത്തിൽപരം രൂപയ്ക്ക് സ്ഥലം വിറ്റെങ്കിലും ഈ ഇടപാടിലെ നയാപൈസ പോലും ടോം തോമസിന്റെ അക്കൗണ്ടിൽ വന്നിട്ടില്ലെന്നും കണ്ടെത്തി.
ഇത്രയും തുക എന്തുചെയ്തുവെന്ന് കണ്ടെത്താൻ ജോളിയെ വരും ദിവസങ്ങളിൽ ടോം തോമസ്- അന്നമ്മ വധകേസുകളിൽ അറസ്റ്റ്ചെയ്ത് കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് തീരുമാനം. രണ്ടു കേസുകളിലും വെവ്വേറെ അറസ്റ്റായിരിക്കും രേഖപ്പെടുത്തുക.
അന്നമ്മയുടെ മരണം കഴിഞ്ഞ് 17 വര്‍ഷത്തിനുള്ളില്‍ ജോളി കോടികള്‍ ചെലവഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൊലപാതക വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതിനും വ്യാജ ഒസ്യത്ത് തയാറാക്കുന്നതിനുമുള്പ്പെടെ ലക്ഷങ്ങള്‍ ചെലവഴിച്ചിരുന്നതായാണ് ജോളി നേരത്തെ നൽകിയ മൊഴി.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച അന്നമ്മയുടേയും ടോംതോമസിന്റെയും റിട്ടയർമെന്റ് ആനുകൂല്യങ്ങളത്രയും ജോളി കൈക്കലാക്കിയിട്ടുണ്ടാവുമെന്നാണ് നിഗമനം. ടോംതോമസ് മരിക്കുമ്പോള്‍ 22,000 രൂപമാത്രമേ ബാങ്ക് അക്കൗണ്ടില്‍ അവശേഷിച്ചിരുന്നുള്ളൂ എന്നത് ബാങ്ക് രേഖകൾ പരിശോധിച്ച് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, സിലി വധക്കേസിൽ മൂന്നാംപ്രതി സ്വർണപ്പണിക്കാരൻ പ്രജികുമാറിനെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. തലശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് സിലി കേസ് അന്വേഷിക്കുന്നത്. റിമാൻഡിൽ കഴിയുന്ന പ്രജികുമാറിന്റെ അറസ്റ്റ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.