കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളി ജോസഫിന് സയനൈഡ് ലഭിച്ച വഴി തേടി അന്വേഷണസംഘം. ആറുപേരിൽ അഞ്ചുപേരേയും ജോളി സയനൈഡ് നല്‍കിയാണ് കൊലപ്പെടുത്തിയത്.
ഭര്‍തൃപിതാവ് പൊന്നാമറ്റം ടോംതോമസ്, ഭര്‍ത്താവ് റോയ് തോമസ്, വിമുക്ത ഭടനും റോയ് തോമസിന്റെ അമ്മാവനുമായ മഞ്ചാടി മാത്യു, പുലിക്കയം പൊന്നാമറ്റം ഷാജുവിന്റെ ഭാര്യ സിലി, മകൾ ആല്ഫൈന് എന്നിവരെയാണ് സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയത്.
അതേസമയം ടോംതോമസിന്റെ ഭാര്യ അന്നമ്മയെ മാത്രം കീടനാശിനി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് ജോളിയുടെ മൊഴി.ഓരോ വധക്കേസും ഓരോ സംഘമാണ് അന്വേഷിക്കുന്നത്. എല്ലാ കേസുകളിലും സയനൈഡ് ജോളിക്ക് എങ്ങനെ ലഭിച്ചുവെന്നത് നിര്‍ണായകമാണ്. കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിയെ കൂടാതെ രണ്ടുപേരെയാണ് പ്രതിചേര്‍ത്തത്. ജോളിക്ക് സയനൈഡ് എത്തിച്ച് നല്കിയ എം.എസ്.മാത്യു എന്ന ഷാജി, പ്രജുകുമാര്‍ എന്നിവരാണ് പ്രതികള്‍.
ഇതില്‍ മാത്യു ജ്വല്ലറി ജീവനക്കാരനാണ്. പ്രജുകുമാറും ആഭരണ നിര്മാണതൊഴിലാളിയാണ്. മാത്യുവാണ് ജോളിക്ക് സയനൈഡ് കൈമാറിയിരുന്നത്. മാത്യുവിന് സയനൈഡ് എത്തിച്ചു നല്‍കിയത് പ്രജുകുമാറാണ്. എന്നാല്‍ പ്രജുകുമാറിന് സയനൈഡ് എവിടെ നിന്ന് ആര് എത്തിച്ചു നല്‍കിയെന്നത് കേസില്‍ നിര്‍ണായക തെളിവാണ്. പ്രജുകുമാറിന് സയനൈഡ് നല്‍കിയവരെ കൂടി കേസില്‍ സാക്ഷിയാക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം സയനൈഡ് ജോളിക്ക് ലഭിച്ചുവെന്ന വാദം നിലനില്‍ക്കില്ല.
ഈ സാഹചര്യത്തിലാണ് സയനൈഡ് ലഭിച്ച വഴി തേടി പോലീസ് അന്വേഷണം ആരംഭിച്ചത്. കോയമ്പത്തൂരില്‍ നിന്ന് സയനൈഡ് ലഭിച്ചുവെന്നാണ് അന്വേഷണസംഘം ആദ്യം കരുതിയത്. എന്നാല്‍ പ്രജുകുമാറിനെ വീണ്ടും ചോദ്യം ചെയ്തതില്‍ നിന്ന് തിരുനെല്‍വേലിയില്‍ നിന്നാണ് സയനൈഡ് ലഭിച്ചതെന്ന് വ്യക്തമായി.പ്രജുകുമാറിന് സയനൈഡ് നല്‍കിയത് പേരാമ്പ്ര സ്വദേശിയായ സത്യനാണ്.
സത്യനെ പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചു വരുത്തി കഴിഞ്ഞ ദിവസം ചോദ്യം ചെയതിരുന്നു. സ്വര്‍ണപ്പണിക്കാരനായ താന്‍ തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്ന് വാങ്ങിയ സയനൈഡ് രണ്ടുതവണ പ്രജുകമാറിന് നല്‍കിയതായാണ് സത്യന് മൊഴി നല്‍കിയത്.
550 രൂപ നല്കി വാങ്ങിയ 250 ഗ്രാം സോഡിയം സയനൈഡാണ് ആദ്യമായി പ്രജു കമാറിന് നല്‍കിയതെന്നും സത്യന് മൊഴി നല്കി. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് അന്വേഷണസംഘം തിരുനെല്‍വേലിയില്‍ പോവും. കൂടാതെ സയനൈഡ് സുലഭമായി ഇവിടെ നിന്ന് ലഭിക്കുമെന്നതിനും സാക്ഷികളെ കണ്ടെത്തും.
അതേസമയം സത്യന് നല്കിയ സയനൈഡിന് പുറമേ പ്രജുകുമാറിനും മാത്യുവിനും ജോളിക്കും മറ്റാരെങ്കിലും സയനൈഡ് നല്‍കിയിട്ടുണ്ടോയെന്നതും അന്വേഷിച്ചുവരികയാണ്.ജ്വല്ലറി ജീവനക്കാരനായതിനാൽ സ്വർണപ്പണിക്കാരുമായി അടുത്തബന്ധമുള്ള മാത്യു മറ്റുചിലരിൽനിന്നും സയനൈഡ് സംഘടിപ്പിച്ചതായാണ് പോലീസിന്റെ നിഗമനം.