കോഴിക്കോട്: കൂടത്തായ് കൊലപാതകപരന്പര കേസ് വെബ് സീരീസാക്കാനുള്ള പോലീസ് നീക്കത്തിനെതിരെ മരിച്ചവരുടെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിക്കുന്നു.
കൂടത്തായ് എന്ന പേരിൽ ഫ്ളവേഴ്സ് ചാനൽ സംപ്രേഷണം ചെയ്ത സീരിയലിനെതിരെ സ്റ്റേ ഉള്ളതിനാൽ കുടുംബത്തെ അപകീർത്തിപ്പെടുത്തന്ന നീക്കത്തിൽനിന്ന് പോലീസ് പിന്മാറണമെന്നാവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി രഞ്ജി തോമസ്, കേസിലെ സാക്ഷിയും കൂടത്തായ് പൊന്നാമറ്റം വീടിന്റെ അയൽവാസിയുമായ ബാവ എന്നിവർ കോടതിയെ സമീപിക്കുന്നത്.
ബാവ ഹൈക്കോടതിയിൽ നൽകിയ കേസിൽ രഞ്ജി തോമസ് കക്ഷി ചേർന്നിരുന്നു. പോലീസിന്റെ നിലവിലുള്ള അന്വേഷണത്തെക്കുറിച്ച് ചിലർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട് .
എന്നാൽആരോപണം നിലനിൽക്കെ, പോലീസ് ഇതുവരെ നടത്തിയ അന്വേഷണം കുറ്റമറ്റതാണെന്ന് വരുത്തിതീർക്കാനാണത്രെ വെബ് സീരീസിന്റെ പിന്നിലെ ലക്ഷ്യം.
കൂടത്തായ് കേസിലെ അന്വേഷണരീതികൾ ചുരുളഴിക്കുന്നതെന്ന പേരിൽ ആരംഭിക്കാനിരിക്കുന്ന വെബ് സീരീസ് പോലീസിന്റെ യുട്യൂബ് ചാനൽവഴി എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ആറിന് പ്രക്ഷേപണം ചെയ്യാനായിരുന്നു നീക്കം.
ഈ ക്രൈംത്രില്ലർ വെബ് സീരീസിന്റെ തിരക്കഥ, സംവിധാനം, കാമറ, അഭിനയം തുടങ്ങി എല്ലാം പോലീസ് തന്നെയാണ്. അന്വേഷണ സംഘതലവനായിരുന്ന മുൻ കോഴിക്കോട് റൂറൽ എസ്പി കെ.ജി.സൈമണും സംഘവും അഭിനേതാക്കളായി ചിത്രീകരിച്ച സീരീസിന്റെ ആദ്യ രണ്ട് എപ്പിസോഡുകളടക്കം ഇതിനകം തയാറായിട്ടുണ്ട്.
തിരുവനന്തപുരത്തെ കേരള പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയരക്ടർ വി.പി.പ്രമോദ്കുമാറിന്റെ മേൽനോട്ടത്തിലാണ് വെബ് സീരീസ് തയാറാക്കിയത്.
ഇതാദ്യമായാണ് കേരള പോലീസ് അന്വേഷിച്ച ഒരു കുറ്റകൃത്യത്തെക്കുറിച്ച് വെബ് സീരീസ് തയാറാക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും.
കൂടത്തായ് കൊലപാതക പരന്പരയുമായി ബന്ധപ്പെട്ട സീരിയൽ, സിനിമ തുടങ്ങിയവയ്ക്ക് കോടതി സ്റ്റേ നിലവിലുള്ളതിനാൽ പോലീസിന്റെ വെബ് സീരീസ് കോടതിയലക്ഷ്യമാകുമെന്ന് ബന്ധുക്കൾക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
സ്റ്റേ വരുന്നതിനുമുൻപ് ഫ്ളവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്ത സീരിയലിൽ , കേസിലെ പ്രധാന സാക്ഷിയായ രഞ്ജി തോമസ് അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ നൽകിയ മൊഴികൾ അതേപടി ഉൾപ്പെടുത്തിയിരുന്നു.
അതിനാൽ സാക്ഷികളുടെ മൊഴികളടക്കം വിവരങ്ങൾ പോലീസ്തന്നെ ചോർത്തി നൽകിയതാണെന്നു സംശയിക്കുന്നു. സ്റ്റേ ഹർജി കോടതി പരിഗണിക്കെ, ചാനലിന് അനുകൂലമായി മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സത്യവാങ്മൂലം നൽകിയത് നേരത്തെ വിവാദമായിരുന്നു.
ഇതിനിടെ ബന്ധുക്കളുടെ നീക്കം മണത്തറിഞ്ഞ പോലീസ് വെബ് സീരീസ് സംപ്രേക്ഷണത്തിൽനിന്ന് താത്ക്കാലികമായി പിന്മാറിയതായി സൂചനയുണ്ട്.