കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യാശ്രമം നടത്തിയ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷയൊരുക്കേണ്ടതുണ്ടെന്ന് ഉത്തരമേഖല ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട്.
ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് സുരക്ഷ കൂടുതല്‍ ആവശ്യമാണെന്ന് ഡിഐജി ടി.കെ. വിനോദ്കുമാര്‍ വ്യക്തമാക്കിയത്.
ജോളിയെ താമസിപ്പിക്കുന്ന വനിതാ വിംഗിലെ സെല്ലിനു പുറത്ത് സിസിടിവി കാമറ സ്ഥാപിക്കണമെന്നാണ് ഡിജിപിയോട് ശിപാര്‍ശ ചെയ്തത്. സിസിടിവി നിരീക്ഷിക്കുന്നതിനായി ഒരു വനിതാ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തണമെന്നും ഡിജിപിക്കയച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
സുരക്ഷയുടെ ഭാഗമായി ഇന്നലെ മുതല്‍ ജോളിയെ നിരീക്ഷിക്കുന്നതിനുള്ള ജയില്‍ വാര്‍ഡര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുകയും സഹതടവുകാര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ജോളി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ചയില്ലെന്നാണ് ഡിഐജിയുടെ കണ്ടെത്തല്‍. മാതാപിതാക്കളേയും മകളേയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിണറായി വണ്ണത്താംകണ്ടി സൗമ്യ(30) ജയിലില്‍ തൂങ്ങി മരിച്ചിരുന്നു.
ജയില്‍വളപ്പില്‍ പുല്ലരിയാന്‍ പോയ സമയത്ത് സാരിയില്‍ കശുമാവില്‍ തൂങ്ങിയായിരുന്നു സൗമ്യ മരിച്ചത്. ഇത് ജയില്‍ വകുപ്പിന്റെ വീഴ്ചയാണെന്ന രീതിയില്‍ ആരോപണവും ഉയര്‍ന്നിരുന്നു.
ഇതോടെ മൂന്നുപേരുടെ മരണത്തിന് പിന്നില്‍ സൗമ്യയെ സഹായിച്ച പ്രതികളെ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിയാതെയായി. ഈ പശ്ചാത്തലം നിലനില്‍ക്കെ കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയെ നിരീക്ഷിക്കുന്നതിനും മറ്റുമായി പ്രത്യേക സംവിധാനം ജയിലില്‍ ഒരുക്കിയിരുന്നു.
ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും ജയില്‍ ഡിജിപി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നതായി ഡിഐജി “രാഷ്ട്ര ദീപിക’യോട് പറഞ്ഞു.
ഇതേതുടര്‍ന്നാണ് ജോളിയെ നിരീക്ഷിക്കാനായി മാത്രമായി മൂന്നു ജീവനക്കാരെ ചുമതലപ്പെടുത്തിയത്. രാത്രി കാവലിനും ഇവരെ നിയോഗിച്ചിരുന്നു.
ആത്മഹത്യാശ്രമം ഉണ്ടായ സാഹചര്യത്തില്‍ ഒരാളെ കൂടി സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡിഐജി അറിയിച്ചു. ഇതിന് പുറമേ ജോളി താമസിക്കുന്ന സെല്ലിലെ സഹതടവുകാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അസ്വാഭാവികത പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അക്കാര്യം ജയിലധികൃതരെ അറിയിക്കണമെന്നാണ് ഇവരോട് ആവശ്യപ്പെട്ടത്. ആത്മഹത്യാ പ്രവണതയുള്ളതിനാല്‍ ജോളിക്ക് കൗണ്‍സിലിംഗ് നല്‍കാറുണ്ടെന്നും ഇനിയും കൗണ്‍സിലിംഗ് തുടരുമെന്നും ഡിഐജി പറഞ്ഞു.
സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നത് സംബന്ധിച്ചും ജോളിക്ക് നല്‍കിവരുന്ന സുരക്ഷ സംബന്ധിച്ചും ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന് ഡിഐജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
സിസിടിവി സ്ഥാപിക്കുന്നതിന് ഡിജിപിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജയിലധികൃതര്‍ പറഞ്ഞു. അപകടനില തരണം ചെയ്ത ജോളി ഇപ്പോള്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.